മാലിയിൽ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം, ഈ മയക്കുമരുന്ന് ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 


നൈജര്‍: വടക്കൻ നൈജറിലെ (Niger) ഒരു മരുഭൂമിയിൽ നിന്ന് ഒരു മേയറെയും ഡ്രൈവറെയും അവരുടെ വാഹനത്തിൽ 200 കിലോഗ്രാം (440 പൗണ്ട്) കൊക്കെയ്നുമായി (cocaine) അറസ്റ്റ് ചെയ്തതായി നൈജര്‍ പൊലീസ് പറഞ്ഞു. മാലിയിൽ നിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് ശേഷം, ഈ മയക്കുമരുന്ന് ലിബിയയിലേക്ക് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമാഫ്രിക്കൻ രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ കൊക്കെയ്ന്‍ വേട്ടയാണിതെന്ന് നൈജറിന്‍റെ മയക്കുമരുന്ന് പൊലീസ് ഏജൻസി അവകാശപ്പെട്ടു.

ഈ മേഖലയിൽ മയക്കുമരുന്ന് കടത്തും അതിനോടനുന്ധിച്ചുള്ള പൊലീസ് വേട്ടയും കൂടുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തുകൂടെ ലിബിയയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്തുന്നതിനെ കുറിച്ച് പൊലീസിന് കൃത്യമായി വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നൈജറിന്‍റെ അനധികൃത മയക്കുമരുന്ന് കടത്ത് അടിച്ചമർത്തൽ കേന്ദ്ര ഓഫീസ് (OCRTIS) ബുധനാഴ്ച പറഞ്ഞു. ജനുവരി 2 ന് ഫാച്ചിയിലെ മേയറുടെ ഓഫീസിൽ നിന്നുള്ള വാഹനത്തിൽ നിന്ന് 199 കൊക്കെയ്ൻ പാക്കറ്റുകളാണ് ( മൊത്തം 214 കിലോഗ്രാം) പിടിച്ചെടുത്തതെന്ന് ഒസിആര്‍ടിഐഎസ് വക്താവ് നാന ഐചാതു ഔസ്മാൻ ബാക്കോ പറഞ്ഞു. ഫാച്ചിയിൽ നിന്ന് പുറപ്പെട്ട വാഹനം ഞായറാഴ്ച ലിബിയയിലെ ഡിർകൗ പട്ടണത്തിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മെയറിന്‍റെയോ ഡ്രൈവറുടെയോ പേരുകളോ മറ്റ് വിവരങ്ങളോ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. 

ആദ്യമായാണ് നൈജറില്‍ ഇത്രയും വലിയ അളവിൽ കൊക്കെയ്ൻ പിടികൂടുന്നതെന്നും മയക്കുമരുന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നെന്നും മിസ് ബാക്കോ പറഞ്ഞു. ഏകദേശം 19 മില്യൺ ഡോളര്‍ വിലയാണ് പിടികൂടിയ സാധനത്തിന് കണക്കാക്കുന്നത്. മേയറെയും ഡ്രൈവറെയും ചോദ്യം ചെയ്യുന്നതിനായി നൈജറിന്‍റെ തലസ്ഥാനമായ നിയാമിയിലേക്ക് കൊണ്ടുപോയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അഗഡെസ് പട്ടണത്തിന് വടക്ക് 400 കിലോമീറ്റർ (250 മൈൽ) തെനെരെ മരുഭൂമിയിലെ ഒരു മരുപ്പച്ചയാണ് ഫാച്ചി. ഉപ്പിന്‍റെയും ഈത്തപ്പഴത്തിന്‍റെയും വ്യാപാര കേന്ദ്രമായാണ് ഇത് അറിയപ്പെടുന്നത്. തെക്കേ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയിൽ മയക്കുമരുന്ന് കടത്തൽ, കുടിയേറ്റക്കാരുടെ മനുഷ്യക്കടത്ത് എന്നിങ്ങനെ പല തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തികള്‍ നടക്കുന്നതിന് പേരുകേണ്ട സ്ഥലമാണിത്.