ഇടുക്കി: ഇടുക്കി പാമ്പനാറിൽ ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച സംഭവം പൊലീസ് ഒതുക്കിതീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം. പരാതിപ്പെട്ട യുവതിയുടെ ഭർത്താവിനെ പ്രതി വണ്ടിയിടിച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായിട്ട് പോലും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

കഴിഞ്ഞ ഏപ്രിലിലാണ് ഗർഭിണിയായ യുവതി പീഡനത്തിന് ഇരയായത്. അധ്യാപികയായ യുവതി സ്കൂളിലേക്ക് സ്ഥിരം പോവുന്ന ജീപ്പിലെ ഡ്രൈവറായ ശശി പരിചയം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ പ്രതി ഭീഷണി തുടങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിനൊപ്പം പോയപ്പോള്‍ പ്രതി വണ്ടിയിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

പരാതിയുമായി കയറിയിറങ്ങാത്ത സ്റ്റേഷനില്ലെന്നും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചെട്ടില്ലെന്നും യുവാവ് ആരോപിക്കുന്നു. അതേസമയം, ശശിക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നെന്നും പ്രതി കോടതിയിൽ പോയി മുൻകൂർ ജാമ്യമെടുത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നുമാണ് പീരുമേട് പൊലീസ് പറയുന്നത്.