തിരുവനന്തപുരം: തിരുവല്ലത്ത് വയോധികയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് വണ്ടിത്തടം പാലപ്പൂര് റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ 78 വയസ്സുള്ള ജാൻ ബീവിയെ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. കേസിൽ വൃദ്ധയുടെ സഹായിയുടെ ബന്ധുവായ ഒരു യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. വയോധിക അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വർണ്ണമാലയും രണ്ട് പവൻ വരുന്ന രണ്ട് വളകളും  മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാൻ കാരണം.