കർണാടക നെലോഗി സ്റ്റേഷൻ പരിധിയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കാസർകോഡ‍് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലിമാണ് കൊല്ലപ്പെട്ടത്.

കാസ‌ർകോട്: കർണാടകത്തിൽ കേരളാ അതി‍ർത്തിയോട് ചേർന്ന് ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കാസർകോഡ‍് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലിമിനെയാണ് മറ്റൊരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരു മലയാളിയെയും മൂന്ന് കർണാടക ഉള്ളാൾ സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കർണാടക നെലോഗി സ്റ്റേഷൻ പരിധിയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ജ്വല്ലറി കവർച്ച, കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട തസ്ലിം. ഉപ്പള സ്വദേശി നപ്പട്ട റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് തസ്ലിമിനെ കൊലപ്പെടുത്തിയത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തസ്ലിമിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസമാണ് തസ്ലീമിനെ ഒരു സംഘം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോയത്. കർണാടക പോലീസ് ഇവരെ പിന്തുടരുന്നതിനിടെ വാഹനത്തിനകത്ത് വെടിവെച്ചു കൊന്ന് റോഡിലേക്ക് തള്ളുകയായിരുന്നു. നേരത്തെ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവായിരുന്നു തസ്‌ലീം.