ചെങ്ങമനാട്: അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. പാറക്കടവ് കുറുമശേരി പള്ളിയാക്കൽ വീട്ടിൽ വിനേഷ് എന്ന കണ്ണനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിലാണ് ഗുണ്ടാ നേതാവ് ജയപ്രകാശൻ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജയപ്രകാശന്റെ സുഹൃത്തും സംഘാംഗവുമായിരുന്നു വിനേഷ്. 

കഴിഞ്ഞ ദിവസം വിനേഷും കൊല്ലപ്പെട്ട ജയപ്രകാശനും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കത്തിലാണ് ജയപ്രകാശൻ കൊല്ലപ്പെട്ടത്. ജയപ്രകാശന്റെ കുറുമാശ്ശേരിയിലെ വീടിനകത്ത് വച്ചാണ് കൊലപാതകം നടന്നത്. അഞ്ചുവർഷം ഇവർ തമ്മിൽ സൗഹൃദ ബന്ധമുണ്ടായിരുന്നു.  കുറച്ചു നാളായി ജയപ്രകാശിന്റെ പ്രവർത്തനങ്ങളിൽ വിനേഷിനെ പങ്കെടുപ്പിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടക്കാനായിരുന്നു പ്രതി പദ്ധതിയിട്ടിരുന്നത്. 

ഇതിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഒളിയിടത്തിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. മരിച്ച ജയപ്രകാശനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. മുംബൈയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന കൊലപാതകക്കേസില്‍ ഇയാള്‍ മൂന്ന് വര്‍ഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചെങ്ങമനാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഉണ്ടായിരുന്നു.