Asianet News MalayalamAsianet News Malayalam

സ്വർണക്കടത്ത് ബന്ധം: കോഴിക്കോട് നിന്നും ഒരാളെ കൂടി കാണാതായി, മൂന്ന് പേരുടെ തിരോധാനത്തിലും തുമ്പില്ലാതെ പൊലീസ്

മലബാറിലെ സ്വർണക്കടത്തിൻ്റെ ഭീകരതയിലേക്ക് കൂടിയാണ് കോഴിക്കോട് ജില്ലയിലെ നാല് ചെറുപ്പക്കാരുടെ തിരോധാനവും അതിലൊരാളുടെ മരണവും വിരൽ ചൂണ്ടുന്നത്

one more youth gone missing from Kozhikode in connection with gold smuggling
Author
Kozhikode, First Published Aug 7, 2022, 3:38 PM IST

കോഴിക്കോട്: ജില്ലയിൽ ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. സംഭവത്തിന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്.

ഖത്തറിൽ നിന്നും ജൂലൈ 20-നാണ് അനസ് കരിപ്പൂരിൽ വിമാനമിറങ്ങിയത്. എന്നാൽ ഇയാൾ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകൾ അനസിൻ്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറിൽ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകൾ എത്തി എന്നാണ് അനസിൻ്റെ മാതാവ് നൽകിയ പരാതിയിൽ പറയുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നാണ് പൊലീസിൻ്റെ നിഗമനം. അനസ് സ്വർണവുമായി എത്തിയ ശേഷം മാറി നിൽക്കുകയാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. അനസിൻ്റെ ഉമ്മയുടെ പരാതിയിൽ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കഴിഞ്ഞ ദിവസം കോഴിക്കോട് ചെക്യാട്ട് യുവാവിനെ കാണാതായ സംഭവത്തിനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഖത്തറിൽ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കൽ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂൺ 16 മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ്  ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന്  അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ പല തവണ റിജേഷിനെ അന്വേഷിച്ച്  വീട്ടിലെത്തിയെന്ന് ബന്ധുക്കൾ പറയുന്നു.   

മാതാപിതാക്കളുടെ പരാതിയിൽ വളയം പൊലീസ് കേസ്സെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്. അജ്ഞാതർ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വർണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. ഇ‍ർഷാദിന്റെ മരണ വാർത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കൾ സംഭവത്തിൻ്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുൻപാകെ എത്തിയത്. 

നാട്ടിലെത്തിയ ശേഷം റിജേഷ് പൊട്ടിക്കൽ സംഘത്തിന്റെ പിടിയിലായോ അതോ തട്ടിക്കൊണ്ട് പോയോ തുടങ്ങിയ സംശയങ്ങളാണുള്ളത്. സ്വർണ്ണം  കൈക്കലാക്കാൻ വേണ്ടി റിജേഷ് സ്വയം മാറി നിൽക്കുന്നതാകാനും സാധ്യതയുണ്ട്. ഒന്നരമാസത്തിലേറെയായി  റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണം പരാതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന്  നേരത്തെ  പൊലീസ് സ്ഥിരീകരിച്ചിരുന്നു . ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് കണ്ടത്തിയ  മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയിലാണ് കണ്ടെത്തിയത്. നേരത്തെ ദീപക് എന്ന മേപ്പയൂര്‍ സ്വദേശിയുടെതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് പൊലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു. സംസ്കരിച്ച മൃതദേഹം ഇർഷാദിൻ്റേത് ആണെന്ന് വ്യക്തമായതോടെ ദീപകിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ. 

മലബാറിലെ സ്വർണക്കടത്തിൻ്റെ ഭീകരതയിലേക്ക് കൂടിയാണ് കോഴിക്കോട് ജില്ലയിലെ നാല് ചെറുപ്പക്കാരുടെ തിരോധാനവും അതിലൊരാളുടെ മരണവും വിരൽ ചൂണ്ടുന്നത്. ഇർഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ കാണാതായത്. ഇവരിൽ ഇ‍ര്‍ഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി. മറ്റു മൂന്ന് പേ‍ര്‍ എവിടെ എന്നതിൽ ഇതുവരെ പൊലീസിന് വ്യക്തതയില്ല. സ്വര്‍ണക്കടത്തും കടത്ത് പൊട്ടിക്കലും നേരത്തെ തന്നെ മലബാറിൽ സജീവമാണ്. എന്നാൽ കാരിയ‍‍ര്‍മാ‍ര്‍ കൊല്ലപ്പെട്ടുകയും തട്ടിക്കൊണ്ടു പോകപ്പെടുകയും ഒളിവിൽ പോകുകയുമെല്ലാം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത് വളരെ പെട്ടെന്നാണ്.   

Follow Us:
Download App:
  • android
  • ios