ഇടുക്കി: കേരളത്തെ നടുക്കിയ ഇടുക്കി കമ്പക്കാനം കൂട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം. മന്ത്രവാദ സിദ്ധി കൈവശപ്പെടുത്താനായി ഒരു കുടുംബത്തിലെ നാല് പേരെയാണ് അടിമാലി സ്വദേശി അനീഷും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. കൊല നടന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടിച്ചെങ്കിലും കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

തൊടുപുഴ കമ്പക്കാനം സ്വദേശികളായ കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരാണ് 2018 ജൂലൈ 29ന് അർദ്ധരാത്രി മൃഗീയമായി കൊലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസമായിട്ടും വീട്ടിൽ ആളനക്കം കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. തെരച്ചിലിനോടുവിൽ വീടിന് പുറകിലെ കുഴിയിൽ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെടുത്തു. കൊലപ്പെട്ട കൃഷ്ണൻ മന്ത്രവാദിയായിരുന്നു.

കൃഷ്ണന്‍റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികൾ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. സുഹൃത്ത് ലിബീഷുമായി ചേർന്ന് ആറ് മാസം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം. മൃതദേഹം കണ്ടെത്തി നാല് ദിവസത്തിനുള്ളിൽ പൊലീസ് പ്രതികളെ പിടികൂടി. അന്വേഷണ മികവിന് പ്രത്യേക അന്വേഷണ സംഘത്തിന് ബാഡ്ജ് ഓഫ് ഓണർ അംഗീകാരവും ലഭിച്ചു. എന്നാൽ കേസിൽ ഇതുവരെ കുറ്റപത്രം സമ‍ർപ്പിച്ചില്ല.

കുറ്റപത്രം വൈകിയതോടെ പ്രതികൾ ജാമ്യത്തിലിറങ്ങി. മന്ത്രവാദസിദ്ധിയ്ക്കായി കൊലപാതകം നടത്തിയെന്ന വാദം ശാസ്ത്രീയമായി തെളിയിക്കാനാകാത്തതാണ് കുറ്റപത്രം വൈകുന്നതിന്‍റെ പിന്നിലെന്നാണ് സൂചന. ഇതോടെ കൂട്ടക്കൊല മോഷണശ്രമത്തിനിടെയാണെന്ന് സ്ഥാപിക്കാനാണ് പൊലീസിന്‍റെ നീക്കം. കുറ്റപത്രം ഈയാഴ്ച തന്നെ സമ‍ർ‍പ്പിക്കുമെന്നും പൊലീസ് പറയുന്നു.