ലഖ്‌നൗ: കാണ്‍പൂരില്‍ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാന്‍ രാജ്യമൊട്ടാകെ വലവിരിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. ദുബെയെ പിടികൂടുന്നതിനായി 25 സംഘത്തെ രൂപീകരിച്ചെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പിടിഐയോട് പറഞ്ഞു. ഇവരെ യുപിയിലെ വിവിധ ജില്ലകളിയും അയല്‍ സംസ്ഥാനങ്ങളിലും നിയോഗിച്ചു. അഞ്ഞൂറോളം മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. കൊടും ക്രിമിനലായ ദുബെക്കെതിരെ അറുപതോളം ക്രിമിനല്‍ കേസുകളുണ്ട്. 

ഉത്തർപ്രദേശിൽ എട്ടുപോലീസുകാരെ വെടിവെച്ചു കൊന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ വികാസ് ദുബെ ആരാണ്?

വികാസ് ദുബെയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക്  50000 രൂപ പാരിതോഷികം നല്‍കുമെന്നും വവരം നല്‍കുന്നയാളുടെ പേര് രഹസ്യമാക്കിവെക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ദുബെയുടെ വീട് റെയ്ഡ് നടത്തിയ പൊലീസ്, വീട് ഇടിച്ചു നിരത്തിയിരുന്നു. കൊല്ലപ്പെട്ട പൊലീസുകാരുടെ വീട്ടിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു. ഡിഎസ്പി അടക്കം എട്ട് പൊലീസുകാരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏഴ് പൊലീസുകാര്‍ക്കും പരിക്കേറ്റു.  കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധവുമെടുത്താണ് ക്രിമിനലുകള്‍ മുങ്ങിയത്.