തിരുവല്ല: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്‍റ് ചെയ്തു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറനസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. തട്ടിപ്പിൽ റോയിയുടെ മക്കളായ റിനു മറിയത്തിനും റിയ ആനിനുമാണ് മുഖ്യ പങ്കെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി. 2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയത്. അന്നു മുതൽ പോപ്പുലറിന്‍റെ പതനത്തിനും തുടക്കം കുറിച്ചു. 

ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്‍റേഴ്സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. പോപ്പുലർ ഫിനാൻസിന്‍റെ  മറവിൽ ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചു. ഇതൊന്നും അറിയാതെ വർഷങ്ങളുടെ പഴക്കമുള്ള പോപ്പുലർ‍ ഫിനാൻസിൽ വിശ്വസിച്ച് ആളുകൾ പണം നിക്ഷേപിച്ചു കൊണ്ടേയിരുന്നു. 

എന്നാൽ പുതിയ സ്ഥാപനങ്ങളിലേക്കുള്ള നിക്ഷേപം സ്വീകരിച്ചത് എല്ലാം എൽഎൽപി വ്യവസ്ഥയിലായിരുന്നു. എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പനിയുടെ ലാഭ വിഹിതമാണ് മാത്രമാണ് കിട്ടുക. 

കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ സ്ഥാപനം അറിയിച്ചില്ല.
പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ പല തവണ ഇവർ അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ മൊഴിമാറ്റി പറഞ്ഞു. പക്ഷെ തന്ത്രപരമായി കൂടത്തായി കേസ് തെളിയിച്ച എസ്പി കെജി സൈമണിന് മുന്നിൽ പ്രതികളുടെ കള്ളത്തരങ്ങളെല്ലാം പൊളിഞ്ഞു വീണു. 

ഒടുവിൽ തട്ടിയെടുത്ത പണം വിദേശത്ത് നിക്ഷേപിച്ചെന്ന് പ്രതികൾക്ക് സമ്മതിക്കേണ്ടി വന്നു. സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം 12 ശതമാനം പലിശ നിക്ഷേപകർക്ക് കൊടുക്കാൻ കഴിയാതിരുന്നതാണെന്നും പ്രതികൾ മൊഴി നൽകി.നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപന ഉടമകൾ 2000 കോടി രൂപ തട്ടിയെന്നാണ് റിമാന്റ് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കബളിപ്പിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അവധി ആയിരുന്നതിനാലാണ് തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. റോയി ഡാനിയലിനെ കൊട്ടാരക്കര സബ് ജയിലിലേക്കും പ്രഭ റിയ റിനു എന്നിവരെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റുക. കൊവിഡ് പരിശോധനക്കായി റോയിയെ കൊല്ലം നായേഴ്സ് ആശുപത്രിയിലേക്കും ഭാര്യയേയും മക്കളേയും കിഴക്കേക്കോട്ടയിലെ കൊവിഡ് കെയർ സെന്ററിലേക്കും മാറ്റി.

സംസ്ഥാനത്ത് ഉടനീളം നിക്ഷേപകരുടെ പരാതികളുടെ എണ്ണം കൂടുകയാണ്. വിവിധ സ്ഥലങ്ങളിൽ തട്ടിപ്പിന് ഇരയായവർ നൽകുന്ന പരാതികൾ അതത് പൊലീസ് സ്റ്റേഷനുകൾ കോന്നി സ്റ്റേഷനിലേക്ക് അയച്ചു കൊടുക്കാൻ ഡിജിപി ലോക് നാഥ് ബെഹ്‍റ നിർദേശം നൽകിയിട്ടുണ്ട്.