Asianet News MalayalamAsianet News Malayalam

പാലത്തായി പീഡനം; അധ്യാപകരുടെ ശുചിമുറിയില്‍ ചോരക്കറ, ടൈലുകള്‍ ഇളക്കി പരിശോധിക്കുന്നു

കുട്ടികളുടെ ശുചിമുറിയിൽ നിന്നല്ല, അധ്യാപകർ ഉപയോഗിക്കുന്ന ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നൽകിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളിൽ ചോരക്കറ ഫൊറൻസിക് സംഘം കണ്ടെത്തി. 

palathayi child abuse case crime branch investigation
Author
Kannur, First Published Dec 4, 2020, 9:18 AM IST

കണ്ണൂര്‍: പാലത്തായി പീഡനക്കേസ് അന്വേഷണത്തിൽ വേറിട്ട വഴി തേടി പുതിയ സംഘം. അധ്യാപകരുടെ ശുചിമുറിയിലെ രക്തക്കറയുള്ള ടൈലുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൊണ്ടുപോയി. അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം ഏറ്റെടുത്ത തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വേറിട്ട അന്വേഷണമാണ് തുടങ്ങിയത്. സ്കൂളിലെത്തിയ സംഘം ശാസ്ത്രീയ തെളിവുകളുണ്ടോ എന്നാണ് പരിശോധിച്ചത്. കുട്ടികളുടെ ശുചിമുറിയിൽ നിന്നല്ല, അധ്യാപകർ ഉപയോഗിക്കുന്ന ശുചിമുറിയിൽ വച്ചാണ് പീഡനം നടന്നതെന്ന് കുട്ടി രണ്ടാമത് മൊഴി മാറ്റി നൽകിയിരുന്നു. കൊളുത്തുള്ള ഈ ശുചിമുറിയിലെ ടൈലുകളിൽ ചോരക്കറ ഫൊറൻസിക് സംഘം കണ്ടെത്തി. 

ഈ ടൈലുകൾ ഇളക്കി മാറ്റി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ രക്തസാമ്പിളും അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ മാർച്ചിൽ അധ്യാപകൻ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന നിഗമനത്തിന് പിന്നാലെ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു. കുട്ടിയെ വിദഗ്ദമായി കൗൺസിലിംഗ് നടത്തിയ ശേഷവും കൃത്യമായ ഒരു കണ്ടെത്തലിലേക്ക് ഈ അന്വേഷണം നീങ്ങിയില്ല.

 ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന കോടതി ഉത്തരവ് പ്രകാരമെത്തിയ പുതിയ സംഘം കേസിൽ സാക്ഷിമൊഴികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസിൽ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയും പറയുന്നത്.  കേസ് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.

Follow Us:
Download App:
  • android
  • ios