കൊച്ചി: കണ്ണൂർ പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ സമർപിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്കൂളിലെ ബാത്ത്റൂമിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ഏപ്രിൽ 15 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പത്മരാജൻ.

ബിജെപി അനുഭാവി ആയതിനാൽ തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഹർജിക്കാരൻ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ജാമ്യഹർജിയെ സർക്കാർ എതിർത്തിട്ടുണ്ട്. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് കുനിയിൽ പത്മരാജനെ ഏപ്രിൽ 15നാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ സ്വിച്ച് ഓഫ് ചെയത് ഒളിവിൽ പോയ പത്മരാജൻ പാനൂർ പൊലീസിന്‍റെ മുക്കിൻ തുമ്പിൽ തന്നെ ആഴ്ചകളോളം ഒളിച്ചു താമസിക്കുകയും ചെയ്തു.

തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരിൽ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയെന്ന് പൊലീസ് മനസിലാക്കിയത്. മാർച്ച് 17ന് ഒൻപത് വയസുകാരിയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ് പ്രതിയെ പിടിച്ചില്ല.

കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നീട് സ്ഥലം എംഎൽഎയും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ അടക്കം പരസ്യവിമർശനവുമായി രംഗത്തു വന്നതോടെയാണ് പ്രതിയെ പിടിക്കാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കിയത്.