പറളിക്കുന്ന്:  വയനാട് മുട്ടിൽ പറളിക്കുന്നില്‍ മലപ്പുറം സ്വദേശിയെ രണ്ടാം ഭാര്യയും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. കോലപാതകത്തിന് മുമ്പ് ലത്തീഫിന്‍റെ കരിപ്പൂരിലെ വീട്ടില്‍ വിളിച്ച് ഒരു പൊലീസുകാരന്‍ ഭീക്ഷണിപെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്വേഷണസംഘത്തെ മാറ്റിയില്ലെങ്കില്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ആക്ഷന്‍കമ്മിറ്റിയും രംഗത്തുവന്നു.

ഡിസംബര്‍ 20തിനാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിയായ ലത്തീഫ് രണ്ടാംഭാര്യയുടെയും സഹോദരന്‍റെയും അടിയേറ്റ് മരിക്കുന്നത്. സാമ്പത്തിക ഇടപാടിനെചോല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തിലെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷണം പുരോഗമിക്കുന്നിനിടെ കൊലപാതകത്തില്‍ കല്‍പറ്റയിലെ ഒരു പൊലീസുദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നു. 

കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് തേഞ്ഞിപ്പാലത്തെ വീട്ടില്‍ വിളിച്ച് പൊലീസുദ്യോഗസ്ഥന്‍ ഭീക്ഷണിപെടുത്തിയെന്നാണ് മകന്‍ പറയുന്നത്. ലത്തീഫിനെ ഉടന്‍ സ്റ്റേഷനിലെത്തിക്കണമെന്നായിയിരുന്നു ആവശ്യം. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നുമാരോപിച്ച് കരിപ്പൂരിലെയും പറളിക്കുന്നിലെയും നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപികരിച്ചു. പൊലീസുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളും ആക്ഷന്‍കമ്മിറ്റിയും ആരോപിക്കുന്നു. അന്വേഷണ സംഘത്തെ മാറ്റിയില്ലെങ്കില്‍ കല്‍പറ്റ പൊലീസ് സ്റ്റേഷനുമുന്നില്‍ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം. അതെസമയം ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം പൊലീസ് നിക്ഷേധിച്ചു. രണ്ടാം ഭാര്യയുടെ പരാതിയില്‍ മോഴിയെടുക്കാന്‍ ലത്തീഫിനെ വിളിച്ചതെന്നാണ് വിശദീകരണം