പതിനൊന്നുകാരനെ ശുശ്രൂഷകളിൽ നിന്ന് വിലക്കുകയും മർദ്ദിക്കുകയും ചെയ്തതന്നാണ് പരാതി. പള്ളി കമ്മിറ്റിയുടെ ക്രമക്കേടുകൾ ചോദ്യം ചെയ്ത വൈരാഗ്യമാണ് മര്‍ദ്ദന കാരണമെന്ന് കുട്ടിയുടെ കുടുംബം

മദ്ബഹയിൽ ശുശ്രൂഷക്ക് കയറിയ 11 വയസ്സുകാരനെ പള്ളിവികാരി മർദ്ദിച്ചതായി പരാതി. കുന്നംകുളം സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരിക്കെതിരെയാണ് പരാതി. എന്നാല്‍ പള്ളി കമ്മിറ്റി, ആരോപണം നിഷേധിച്ചു. രാവിലെ കുർബാനയ്ക്കെത്തിയ പതിനൊന്നുകാരനെ ശുശ്രൂഷകളിൽ നിന്ന് വിലക്കുകയും മർദ്ദിക്കുകയും ചെയ്തതന്നാണ് പരാതി. പള്ളി കമ്മിറ്റിയുടെ ക്രമക്കേടുകൾ ചോദ്യം ചെയ്ത വൈരാഗ്യമാണ് മര്‍ദ്ദന കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

കുട്ടിയെ കുന്നംകുളം പൊലീസ് മദ്ബഹയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോയതായും സഹോദരി പറഞ്ഞു. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കുടുംബം കുന്നംകുളം പൊ ലീസിൽ പരാതി നൽകി. എന്നാൽ മര്‍ദ്ദന ആരോപണം ഇടവക വികാരി ഫാ. ജേക്കബും ട്രസ്റ്റി അഡ്വ. പ്രീനു വർക്കിയും തള്ളി. പള്ളിയ്ക്കും ഇടവകയ്ക്കുമെതിരെ നിരന്തര ആരോപണവും പരാതികളും ബ്രിജി ഉയര്‍ത്തിയിരുന്നു. വികാരിക്കെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മദ്ബഹയില്‍ ശുശ്രൂഷയ്ക്ക് കയറരുതെന്ന് കുട്ടിയോട് പള്ളിക്കമ്മിറ്റി പറഞ്ഞിരുന്നു.

മനപൂർവ്വം പ്രശ്നമുണ്ടാക്കാനാണ് കുട്ടിയും സഹോദരിയും പള്ളിയിലെത്തിയതെന്നും പള്ളിക്കമ്മിറ്റി ആരോപിച്ചു. കുർബാന തടസ്സപ്പെടുത്തിയെന്നു കാണിച്ച് ട്രസ്റ്റി നൽകിയ പരാതിയിൽ ബ്രിജിയുടെ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പള്ളി കമ്മിറ്റിക്കെതിരായ തുടർ നടപടി തീരുമാനിക്കുമെന്ന് കുന്നംകുളം സിഐ അറിയിച്ചു.

YouTube video player

സെപ്തംബര്‍ മാസത്തില്‍ തൃശൂരില്‍ മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികൻ തല്ലിച്ചതച്ചതായി പരാതി ഉയര്‍ന്നിരുന്നു. തൃശ്ശൂർ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മർദിച്ചത്. സംഭവത്തില്‍ ഒല്ലൂർ പൊലീസ് കേസ് എടുത്തിരുന്നു. പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് വൈദികന്‍ മർദ്ദിച്ചത്. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.