ലണ്ടന്‍: ഗുരുതര രോഗവുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ, ശുശ്രൂഷിക്കാനെത്തിയ നഴ്സ് ബലാത്സംഗം ചെയ്തു. 48കാരനായ മുഹമ്മദ് കമരയാണ്  വൈറ്റ്ചാപ്പലിലെ റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ വച്ച് അതിക്രൂരമായി സ്ത്രീയെ പീഡിപ്പിച്ചത്. സ്ത്രീയെ പ്രവേശിപ്പിച്ച മുറിയിലെ കര്‍ട്ടന്‍ നീക്കി അകത്തുകടന്ന ഇയാള്‍ സ്ത്രീയെ നിര്‍ബന്ധിച്ച് ഉറക്ക ഗുളിക കഴിപ്പിക്കാന്‍ ശ്രമിക്കുകയും സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 24 മണിക്കൂറും സ്ത്രീയെ പരിചരിക്കാനുള്ള നഴ്സിംഗ് സംഘത്തിലെ ഒരാളായിരുന്നു കമാര. 

ബലാത്സംഗത്തിന് ശേഷം ഇയാള്‍ സ്ത്രീയെ കുളിപ്പിക്കുകയും വിരികള്‍ മാറ്റി വിരിക്കുകയും ചെയ്ത് തെളിവുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തി. എന്നാല്‍ സ്ത്രീ ഇത് തന്‍റെ മകളോട് പറഞ്ഞിരുന്നു. സംഭവം കേസാക്കുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് 2017 മെയ് 15ന് നടന്ന സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. 

ബലാത്സംഗം നടന്നതോടെ സ്ത്രീ കൂടുതല്‍ മാനസ്സിക പ്രശ്നങ്ങളിലേക്ക് വഴുതി വീഴുകയും വൈകാരിക അസ്ഥിരതയിലേക്ക് നീങ്ങുകയും ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നു. 2018 ല്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണ തുടരുന്നതിനാല്‍ ഇയാള്‍ ജയിലില്‍ തുടരണമെന്ന് സ്നെയേഴ്സ് ബ്രൂക്ക് ക്രൗണ്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാള്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. ഇതോടെ ഇയാളെ നഴ്സിംഗ് ആന്‍റ് മിഡ്‍വൈഫറി കൗണ്‍സില്‍ ജോലിയില്‍ നിന്ന് പുറത്താക്കി. 

ഗുരുതരരോഗവുമായെത്തിയ സ്ത്രീയെ ആശുപത്രിക്കിടക്കയിലിട്ട് ബലാത്സംഗം ചെയ്ത വലിയകുറ്റമാണ് കമാര ചെയ്തതെന്ന് പാനല്‍ ചെയര്‍മാന്‍ പോള്‍ മോറിസ് പറഞ്ഞു. ഇയാള്‍ തുടരുന്ന നഴ്സിംഗ് എന്ന ജോലിയുടെ മാന്യത നശിപ്പിക്കുകയും വിശ്വാസ്യത തകര്‍ക്കുകയും ചെയ്ത കമാരയെ പുറത്താക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വൈറ്റ്ചാപ്പലില്‍ അരങ്ങേറിയത്. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച കൗണ്‍സില്‍ ഒടുവില്‍ ഇയാളെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.