വിസാലി: മകളുടെ സുഹൃത്തുക്കളായ ബാലന്മാരെ  ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മ കുറ്റസമ്മതം നടത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ വിസാലിയയിലെ താമസക്കാരിയായ കോറല്‍ ലൈറ്റ്ലിയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് 42 വയസാണ്. മകളുടെ സുഹൃത്തുക്കളായ പതിനാല്കാരനും പതിനഞ്ചുകാരനുമാണ് 42കാരിയുടെ ലൈംഗിക പീഡനത്തിന് ഇരയായത്.  

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയാണ് മകളുടെ ആണ്‍ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ചത്. 2017 മുതല്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസ് പറയുന്നു. ആദ്യം പീഡനത്തിനിരയായത് 15 വയസ്സുകാരനായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തായ പതിനാല് കാരനെയും പീഡിപ്പിച്ചു. കുട്ടികളെ പാര്‍ക്കിലേക്ക് വിളിച്ച് വരുത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു ഇവരുടെ രീതിയെന്നാണ് ഇവര്‍ പൊലീസിനോട് സമ്മതിച്ചത്.

ചിലപ്പോള്‍ കുട്ടികളെ രാത്രി വീട്ടിലെത്തിച്ച് പുലരുന്നതിന് മുമ്പ് അവരുടെ വീടുകളില്‍ തിരികെ എത്തിക്കാറുമുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ പിതാവ് കുട്ടിയുടെ മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ നഗ്ന ചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 

തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ ശേഷം ഇവര്‍ പൊലീസിന് മുമ്പില്‍ കുറ്റം സമ്മതിച്ചു. ഇരകളായ കുട്ടികള്‍ കോറലിന്‍റെ മകള്‍ക്കൊപ്പം റെഡ്വുഡ് ഹൈസ്കൂളില്‍ പഠിക്കുന്നവരായിരുന്നു. 

നവംബര്‍ 4നായിരിക്കും ഇവര്‍ക്കെതിരായ കേസില്‍ വിധി വരുന്നത്. ഇവര്‍ക്ക് നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബാല പീഡന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ ഉള്ളത് എന്നാണ് മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.