കല്ല്യാട്ട്: പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പരിശോധിച്ച് മിനുട്സ് കസ്റ്റ‍ഡിയിലെടുത്തു. കൊലപാതകം നടന്ന കല്യോട്ടിന് സമീപത്തെ ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

ഇരട്ടക്കൊലപാതകത്തിന് ശേഷം ഏറെ നാളുകളായി തുറക്കാത്ത ഓഫീസ് പാർട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിച്ചായിരുന്നു ഇന്നലെ വൈകിട്ടോടെ പരിശോധന. ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട 2019 ഡിസംബർ 17ന് ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ വിവരങ്ങളടങ്ങിയ മിനുട്സാണ് കസ്റ്റ‍ഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഏച്ചിലടുക്കത്തെ ഓഫീസിൽ ഗൂഢാലോചന നടത്തിയതായി കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. 

ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കൊല നടന്ന ദിവസം ബ്രാഞ്ച് യോഗം ഉണ്ടായിരുന്നെന്ന സാക്ഷിമൊഴിയുമുണ്ട്. എന്നാൽ ഈ ദിശയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല. ഫോൺവിളികൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പാർട്ടി രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള സിബിഐ തീരുമാനം. 

രണ്ടാഴ്ച മുമ്പ് സിപിഎം ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലും സിബിഐ പരിശോധന നടത്തിയുരന്നു. കേസിൽ ആരോപണവിധേയരായ സിപിഎം പ്രാദേശിക നേതാക്കളേയും പ്രവർത്തകരേയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുമുണ്ട്.