ഹാംപ്ഷെയര്‍(ലണ്ടന്‍): തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ കൊലപ്പെടുത്തി പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന അജ്ഞാതരെ ഭയന്ന് നാട്ടുകാര്‍. വിവിധ വളര്‍ത്തുമൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിഉപേക്ഷിക്കുന്നതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. പശുക്കളും ആടുകളുമടക്കം മൃഗങ്ങളെ കൊന്ന് ലണ്ടനിലെ ഹാംപ്ഷെയറിലെ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലാണ് ഏതാനും ദിവസങ്ങളായി ഉപേക്ഷിച്ചിട്ടതായി കാണുന്നത്. 

കത്തികൊണ്ടും മൂര്‍ച്ചയേറിയ ആയുധം കൊണ്ടും മുറിവേല്‍പ്പിച്ചാണ് ഇവയെ കൊന്നിരിക്കുന്നത്. വാരിയെല്ലുകള്‍ക്കിടയിലാണ് ഇവയെ കുത്തിപരിക്കേല്‍പ്പിച്ചിരിക്കുന്നത്.  സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സമീപത്തെ പള്ളിയിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളില്‍ അജ്ഞാതര്‍ രക്തം തളിച്ചിരുന്നു. ഇതിന് പുറമേ പള്ളിയുടെ ചുവരുകളില്‍ വാതിലുകളിലും 666 എന്നും കുറിച്ചിരുന്നു.

നാല്‍പത് വയസിനിടയ്ക്ക് ഇത്തരം സംഭവം നേരില്‍ കാണുന്നത് ആദ്യമാണെന്ന് പള്ളിയിലെ വികാരിയച്ചനായ ഫാ ഡേവിഡ് ബേക്കണ്‍ പറയുന്നത്. മന്ത്രവാദമോ, ബ്ലാക് മാജിക് ചെയ്യുന്നവരോ ആകാം ഇത്തരം നടപടികള്‍ ചെയ്യുന്നതെന്ന് സംശയിക്കുന്നതായി ഫാ. ഡേവിഡ് ബേക്കണ്‍ പറയുന്നു. ഈ മൃഗങ്ങളെ ബലി നല്‍കിയവയാണോയെന്നും സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഇവയുടെ മൃതദേഹത്തില്‍ വരച്ചിട്ടുള്ളത് സാത്താന്‍ സേവക്കാര്‍ ഉപയോഗിക്കുന്ന തരം അടയാളങ്ങളാണെന്ന് നാട്ടുകാരുടേയും ആരോപണം. ഹാംപ്ഷെയറിന് സമീപമുള്ള വനത്തില്‍ ഇത്തരം നടപടികള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് ഇത് ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. കൃഷിയും  കാലിവളര്‍ത്തലും സജീവമായിട്ടുള്ള മേഖലയില്‍ കാലികള്‍ക്ക് നേരെ ഇത്തരത്തിലുണ്ടാവുന്ന അക്രമണം ഭയം ഉളവാക്കുന്നതാണെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. 

വനത്തിലും പരിസരത്തുമായി കാലികളെ ഈ സാഹചര്യത്തില്‍ എങ്ങനെ മേയാന്‍ വിടുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്ന് മൃഗങ്ങള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണം നാളെ ആളുകള്‍ക്ക് നേരെയുണ്ടാവുമെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.