കണ്ണൂര്‍: കണ്ണൂരിൽ ജ്വല്ലറിയും അടുത്തുള്ള പലചരക്ക് കടയും കുത്തിത്തുറന്ന് വൻ കവർച്ച. കയ്യുറയും മാസ്ക്കും ധരിച്ചെത്തിയ സംഘം വിദഗ്ധ പരിശീലനം കിട്ടിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ 2.40ഓടെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയിൽ കവ‍‍ർച്ച നടന്നത്.

കാറിലെത്തിയ സംഘം കമ്പിപ്പാര ഉപയോഗിച്ച് പൂട്ട് പൊളിച്ച് അകത്ത് കടന്നു. ശേഷം രണ്ട് പേരെ പുറത്ത് നിർത്തി രണ്ട് പേർ അകത്ത് കടന്നു. 20 മിനിട്ടോളം ഇവർ ഉള്ളിൽ ചിലവഴിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഞായറാഴ്ചയായതിനാൽ ആഭരണങ്ങൾ ലോക്കറിലായിരുന്നു സൂക്ഷിച്ചിരുന്നത്.

മേശവിരിപ്പിനുള്ളിലുണ്ടായിരുന്ന പണം മുഴുവൻ ഇവർ കൊണ്ടുപോയി. മൂന്ന് മണിയോടെ പുറത്തിറങ്ങിയ സംഘം പേരാവൂരിലെ പലചരക്ക് കടയും കുത്തി തുറന്നു. ഇവിടുന്നു ഒരു ചാക്ക് കുരുമുളകും പതിനായിരം രൂപയും നഷ്ടമായി. രാവിലെ ഷട്ടിൽ കളിക്കാൻ പോയ ചെറുപ്പക്കാരാണ് ജ്വല്ലറിയുടെ ഷട്ടർ തുറന്നിരിക്കുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചത്.

കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും ജ്വല്ലറിയിൽ എത്തി പരിശോധന നടത്തി. മോഷ്ടാക്കൾ കയ്യുറ ധരിച്ചിരുന്നതിനാൽ വിരലടയാളം ഒന്നും കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖവും അവ്യക്തമാണ്.