ഉച്ചക്ക് പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു പതിനാറുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് പുറത്ത് വെച്ച് മര്‍ദിച്ചത്.

കോഴിക്കോട്: കോഴിക്കോട് തിരുവള്ളൂരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ലുകള്‍ പൊട്ടി. ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനകാരണം. വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് ക്രൂരമര്‍ദനം. ഉച്ചക്ക് പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴായിരുന്നു പതിനാറുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളിന് പുറത്ത് വെച്ച് മര്‍ദിച്ചത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് മര്‍ദനത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നിലത്ത് വീണ ശേഷവും മൂക്കിന് ഇടിച്ചു. മൂക്കിന്റെ എല്ലുകള്‍ പൊട്ടി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ട് ദിവസമായി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ടായിരുന്നെന്നാണ് വിവരം. അതിന്റെ തുടര്‍ച്ചയായിട്ടാണ് ക്രൂരമര്‍ദനം. അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കി.