കോഴിക്കോട്: വേങ്ങേരിയിൽ നഗ്നതാ പ്രദർശനം നടത്തിയതിന് വിമുക്ത ഭടനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത മകന് മുന്നിൽ നഗ്നതാ പ്രദർശിപ്പിച്ചെന്ന് കാട്ടി അയൽവാസി ദൃശ്യങ്ങള്‍ സഹിതം നൽകിയ പരാതിയിലാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ തെളിവായെടുത്താണ് പൊലീസ് കേസെടുത്തത്.

വേങ്ങേരി സ്വദേശിയും വിമുക്ത ഭടനുമായ പ്രേംരാജും അയൽവാസിയായ സ്ത്രീയും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നുള്ള വൈരാഗ്യം മൂലം പതിമൂന്ന് വയസ്സുകാരനായ മകൻ കാണ്‍കെ പ്രേംരാജ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് അയൽവാസി നടക്കാവ് പൊലീസിൽ നൽകിയ പരാതി. 

തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ഇയാള്‍ ജാമ്യത്തിലിറങ്ങി. ബോധപൂര്‍വം നഗ്നത പ്രദർശിപ്പിച്ചിട്ടില്ലെന്നും തന്‍റെ കിടപ്പുമുറിയടക്കം പതിയുന്ന രീതിയിൽ അയൽവീട്ടുകാർ സിസിടിവി വെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കാട്ടി പ്രേംരാജ് വനിതാ കമ്മീഷനും ബാലവകാശ കമ്മീഷനും പരാതി നല്‍കി. പൊലീസ് നടപടി ചോദ്യം ചെയ്ത് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ വഴിത്തർക്കത്തെതുടർന്ന് പ്രേംരാജില്‍ നിന്ന് പലവിധത്തിലുളള ശല്യം നേരിട്ടിരുന്നതായി പരാതിക്കാരി പറഞ്ഞു. വേങ്ങേരി വില്ലേജില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചതെങ്കിലും ഇയാള്‍ ഈ വ്യവസ്ഥ ലംഘിച്ചതായും ഇവര്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രേംരാജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി നടക്കാവ് പൊലീസ് പറഞ്ഞു.