കാസര്‍കോട്: പതിനാറുകാരിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു.  പീഡനവിവരം മറച്ചു വച്ചതിനാണ് കേസ്. കാസര്‍കോട് തൈക്കടപ്പുറത്താണ് പതിനാറുകാരി ക്രൂര പീഡനത്തിനിരയായത്. സംഭവത്തില്‍  അച്ഛനടക്കം നാല് പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

നീലേശ്വരം സ്വദേശികളായ  റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. മറ്റ് മൂന്നുപേർ കൂടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്.

പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസെടുത്തത്.  കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍.