കോഴിക്കോട്: ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെ പീഡന പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു അമ്മിണി പൊലീസിന് പരാതി നൽകിയത്. എന്നാൽ പെൺകുട്ടിയോ കുടുംബമോ പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും അതിനാൽ തന്നെ കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് റൂറൽ എസ്‌പി വ്യക്തമാക്കി. 

ചർച്ചയുടെ ഉറവിടം സോഷ്യൽ മീഡിയയാണ്. സംഭവം നടക്കുമ്പോൾ കുട്ടിക്ക് 16-17 വയസായിരുന്നു പ്രായം. കോഴിക്കോട് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റിന്റെ പേരുണ്ട്. എന്നാൽ ഇരയായ പെൺകുട്ടിയെ കുറിച്ച് വിവരമില്ല. പെൺകുട്ടിയുടെ കുടുംബവും പരാതി നൽകാൻ തയ്യാറായിട്ടില്ല. അതേസമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കുറ്റാരോപിതനായ വ്യക്തിയിൽ നിന്ന് തന്നെയുണ്ടായ ദുരനുഭവം മറ്റ് പെൺകുട്ടികളും പങ്കുവെച്ചിട്ടുണ്ട്.