അമ്മ ജോലിക്ക് പോയപ്പോഴും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമായി 2014 മെയ് 24നും അതിന് മുന്‍പ് പല തവണയും പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 

തൊടുപുഴ: ഒന്‍പത് വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 35 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ സ്വദേശിയും 41 കാരനുമായ പിതാവിനെയാണ് ശിക്ഷിച്ചത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിയായതിനാല്‍ ബലാല്‍സംഗത്തിന് പത്ത് വര്‍ഷം തടവും 50000 രൂപ പിഴയും ശിക്ഷയുണ്ട്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ. പ്രതി കുട്ടിയുടെ രക്ഷകര്‍ത്താവായതിനാല്‍ 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പതിനഞ്ചു വര്‍ഷം ജയില്‍വാസം അനുഭവിക്കണം. 

കുട്ടിക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാര ഫണ്ടില്‍ 5 ലക്ഷം രൂപ ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. അമ്മ ജോലിക്ക് പോയപ്പോഴും സഹോദരന്‍ കളിക്കാന്‍ പോയപ്പോഴുമായി 2014 മെയ് 24നും അതിന് മുന്‍പ് പല തവണയും പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മൊഴി നല്‍കി കേസ് എടുക്കുകയായിരുന്നു. അമ്മയും മുത്തശ്ശിയും ഉള്‍പ്പടെ 13 പ്രോസിക്യൂഷന്‍ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി. വാഹിദ ഹാജരായി.