ബെംഗളൂരു: ഭാര്യയോടു പ്രതികാരം തീർക്കാൻ മൂന്നുവയസ്സുള്ള സ്വന്തം മകൾക്ക് മദ്യം നൽകുകയും അക്കാര്യം പോലീസിൽ പരാതി നൽകിയ ഭാര്യയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത യുവാവിനെ പോലീസ് തിരയുന്നു. ബെംഗളൂരു ബേടരഹള്ളി സ്വദേശി കുമരേഷ് എന്നയാളാണ് കുട്ടിയ്ക്ക് മദ്യം നൽകുന്ന വീഡിയോ ഭാര്യയ്ക്ക് അയച്ചുകാടുത്തത്. ഇയാൾ കുട്ടിയ്ക്ക് മദ്യം നൽകിയ ശേഷം കുടിക്കാൻ പ്രോത്സാഹിപ്പിക്കുകയും സ്കൂട്ടറിൽ കയറ്റാമെന്ന് വാഗ്ദാനം നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇതേ കുറിച്ച് കുമരേഷിന്റെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. വീഡിയോ ദൃശ്യങ്ങൾ പോലീസിനു കൈമാറുകയും ചെയ്തു.

തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിൽ രോഷാകുലനായ കുമരേഷ് വീട്ടിലെത്തി ഭാര്യയെ സ്ക്രൂഡ്രൈവർ കൊണ്ട് മൂക്കിനു കുത്തി പരിക്കേൽപ്പിച്ച് കടന്നുകളയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലക്കേസ് പ്രതികൂടിയായ കുമരേഷ് ജയിലിലായിരുന്നതിനാൽ വളരെ നാളുകളായി ഭാര്യ സ്വന്തം വീട്ടിലായിരുന്നു താമസം. മാസങ്ങൾക്ക് മുമ്പാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. നാലു മാസം ഗർഭിണിയായിരിക്കുമ്പോഴാണ് കുമരേഷിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതെന്നും അതേ തുടർന്ന് താൻ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു.

കുഞ്ഞുണ്ടായതിനുശേഷം മറ്റുവീടുകളിൽ ജോലിചെയ്താണ് ജീവിച്ചിരുന്നത്. ജാമ്യം ലഭിച്ച ശേഷം മകളെ കൈമാറണമെന്ന് നിരന്തരം ആവശ്യപ്പെട്ട കുമരേഷിനെതിരെ പല തവണ പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കുമരേഷ്  കുഞ്ഞിന് മദ്യം നൽകുന്ന വീഡിയോ അയച്ചു കൊടുക്കുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു. പോലീസ് അന്വേഷണത്തെ തുടർന്ന് കുട്ടിയെ സഹോദരിയുടെ വീട്ടിലാക്കി കുമരേഷ് കടന്നുകളയുകയായിരുന്നു.