കൊച്ചി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും മയക്ക് മരുന്ന് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവയിൽ പിടിയിൽ. പൂക്കാട്ടുപടി സ്വദേശി അനീഷിനെയാണ് ആലുവ എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 60 നെട്രോ സെപാം ഗുളികകളും പിടിച്ചെടുത്തു.

നിരവധി അടിപിടി കേസുകളിൽ പ്രതിയായ ചുണ്ട സുനി എന്നറിയപ്പെടുന്ന അനീഷ് വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമിടയിൽ ഏറെ നാളുകളായി മയക്ക് മരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. ആലുവ എക്സൈസ് സംഘം നേതൃത്വം നൽകുന്ന 'ഓപ്പറേഷൻ മൺസൂണ്‍ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ഓപ്പറേഷന്‍റെ ഭാഗമായി സ്കൂൾ, കോളേജ് പരിസരങ്ങളിൽ ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഷാഡോ സംഘം ഇയാളുടെ പിന്നാലെയായിരുന്നു. തുടർന്ന് ആലുവ ഗ്യാരേജിന് സമീപം മയക്കുമരുന്നുകളുമായി ആവശ്യക്കാരെ കാത്ത് നിൽക്കുകയായിരുന്ന അനീഷിനെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ സേലത്ത് നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന മയക്ക് മരുന്നുകൾ 10 എണ്ണം അടങ്ങിയ സ്ട്രിപ്പിന് 500 രൂപ നിരക്കിലാണ് ഇയാൾ കൊച്ചിയിൽ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം. പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.