മുന്‍മന്ത്രി കെകെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതിനും. വനിത ജഡ്ജിയോട് അശ്ലീലം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു.

പാല: അന്തർജില്ലാ തട്ടിപ്പുകാരൻ പാലായിൽ അറസ്റ്റിൽ. തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പിടിയിലായത്. ആറ് മാസം കൊണ്ട് സംസ്ഥാനത്താകെ കറങ്ങി നടന്ന് ബെന്നി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പൊലീസ് പറയുന്നു. ഏറെനാളായി മുങ്ങി നടന്ന ബെന്നിയെ വനിതാ പൊലീസ് ഒരുക്കിയ കെണിയിലൂടെയാണ് പിടികൂടിയത്.

കറങ്ങി നടന്ന് തവണ വ്യവസ്ഥയിൽ സാധനങ്ങൾ എത്തിക്കാമെന്ന് അറിയിച്ച് 2000 രൂപ അഡ്വാൻസ് കൈപ്പറ്റുന്നു. ആ ജില്ല വിട്ട് അടുത്ത ജില്ലയിൽ വീണ്ടും തട്ടിപ്പ്. 14 ജില്ലകളിലും ബെന്നി തട്ടിപ്പ് നടത്തി. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് കൂടുതലും തെരഞ്ഞെടുത്തത്. സാധനങ്ങൾ കിട്ടാത്തത് ചൂണ്ടിക്കാട്ടി വിളിച്ചാൽ അശ്ലീലം സംസാരിക്കും. ചെറിയ തുക ആയതിനാൽ മിക്കവരും പരാതിപ്പെടാൻ പോയില്ല. 

ഇത് ബെന്നിക്ക് വളമായി. തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ചെരുപ്പുകൾ വാങ്ങിക്കൂട്ടുകയായിരുന്നു ബെന്നിയുടെ ഹോബി. പിന്നെ മദ്യപാനവും മസാജിംഗ് കേന്ദ്രങ്ങളിലെ സുഖചികിത്സയും. കൊട്ടയത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 400 ജോഡി ചെരുപ്പുകൾ. 

കെ.കെ.ശൈലജയ്ക്കെതിരെ അപകീർത്തി പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയോട് അശ്ലീലം സംസാരിച്ചതിനും ഉൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. ആറ് മുന്പാണ് ജയിലിൽ നിന്നിറങ്ങിയത്. പാലായിലെ വിവിധയിടങ്ങളിൽ നിന്ന് പരാതി ഉയർന്നതോടെ ബെന്നിയെ സൈബർ സെൽ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദലാക്കി കാണാനെന്ന വ്യാജേന പാലായിലെത്തിച്ച് പിടികൂടുകയായിരുന്നു.

YouTube video player