കൊച്ചി: എറണാകുളത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വീട്ടുടമ സജീവൻ തന്നെയെന്ന് കുറ്റസമ്മതമൊഴി. മദ്യപാനത്തെ ചൊല്ലിയുള്ള  തർക്കമാണ് കൊലപാതകത്തിന് കാരണം. ഇരുവരും  വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീർത്തതാണ് തർക്കത്തിന് കാരണം. സജീവന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

എയർ ഗൺ കൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചു. പരസ്പര വിരുദ്ധ മൊഴികൾ നൽകുന്ന സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സജീവൻ കുറ്റം സമ്മതിച്ചത്. പുളിന്താനം കുഴിപ്പിള്ളിൽ പ്രസാദിനെയാണ് അയല്‍വാസിയുടെ വീടിന്‍റെ ടെറസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവന്‍റെ കോഴിഫാമിലെ ജോലിക്കാരൻ കൂടിയാണ് സജീവൻ.

ഇന്നലെ രാവിലെയാണ് അയല്‍വാസിയായ കാക്കൂച്ചിറ സജീവന്‍റെ വീടിന്‍റെ ടെറസില്‍ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസാദിന്‍റെ മൃതശരീരത്തിനടുത്ത് നിന്ന് തന്നെ എയര്‍ഗണും കണ്ടെത്തിയിരുന്നു. ഇത് തകര്‍ന്ന നിലയിലുമായിരുന്നു. മരിച്ച പ്രസാദിന്‍റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലുമായിരുന്നു.