കണ്ണൂര്‍: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിലുള്ള ചിലർക്ക് 25 ലക്ഷത്തിന് ക്വട്ടേഷൻ പോയെന്ന കെഎം ഷാജി എംഎൽഎയുടെ പരാതിയിലെ അന്വേഷണം മുംബൈയിലേക്കും. പ്രതിയായ തേജസിന്റെ മുംബൈ ബന്ധങ്ങൾ അന്വേഷിക്കാനും ഫോൺ സംഭാഷണത്തിലുള്ള മൻസൂർ എന്നയാളെ ചോദ്യം ചെയ്യാനുമാണ് വളപട്ടണം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മുംബൈക്ക് തിരിക്കുന്നത്. തേജസിനെ ചോദ്യം ചെയ്തതതിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തന്നെ വധിക്കാൻ മുംബൈ അധോലോകവുമായി ചേർന്ന് ഗൂഡാലോചന നടന്നെന്ന് കെഎം ഷാജി എംഎൽഎ പരാതി നൽകിയത് കഴിഞ്ഞ ഒക്ടോബറിലാണ്. ഈ മെയിലേക്ക് വന്ന ഒരു ഫോൺസംഭാഷണത്തിന്റെ റെക്കോർഡ് തെളിവായി കാണിച്ചാണ് ഷാജി പൊലീസിനെ സമീപിച്ചത്. എംഎൽഎയെ വധിക്കാൻ പാപ്പിനിശ്ശേരി സ്വദേശി തേജസ് എന്നയാൾ മുംബൈയിലുള്ള ഒരാളുമായി സംസാരിക്കുന്ന ഒഡിയോ റെക്കോർഡ് ആണ് പുറത്തുവന്നത്. 

നാട്ടിൽ എപ്പോഴെത്തണമെന്നും എങ്ങനെ കൃത്യം നടപ്പാക്കി മടങ്ങണമെന്നുമൊക്കെ വിശദമായി സംസാരിക്കുന്നതാണ് ഈ ഫോൺ റെക്കോർഡിലുള്ളത്. തേജസിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മദ്യ ലഹരിയിൽ സംഭവിച്ചുപോയതാണെന്നായിരുന്നു വിശദീകരണം. തേജസ് നേരത്തെ കുടുംബത്തോടൊപ്പം മുംബൈയിൽ താമസിച്ചിരുന്നു. ഇയാൾക്ക് ക്രിമിനൽ ബന്ധങ്ങളില്ല എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. 

മറ്റന്നാൾ മുംബൈയിലേക്ക് തിരിക്കുന്ന വളപട്ടണം ഇൻസ്പെക്ടർ പിആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഫോൺ റെക്കോർഡിലുള്ള മൻസൂർ എന്നയാളെ കണ്ടെത്തി ചോദ്യം ചെയ്യും. കൂടാതെ തേജസിന്റെ മുംബൈലുള്ള മറ്റ് സുഹൃത്തുക്കളോടും വിവരങ്ങൾ ആരായും. ഈ ഓഡിയോ ആരാണ് ചോർത്തി ഈ മെയിൽ വഴി ഷാജി എംഎൽഎയ്ക്ക് അയച്ചത് എന്നറിയാൻ ഗൂഗിളിനെയും പൊലീസ് സമീപിച്ചിരുന്നു. പക്ഷെ ഗൂഗിളിന്റെ പ്രാധമിക പരിശോധനയിൽ മെയിലിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.