Asianet News MalayalamAsianet News Malayalam

'ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട്' 200-ലേറെ സ്ത്രീകളുടെ മാലപറിച്ച പ്രതികള്‍ പിടിയില്‍

പൂഞ്ഞാര്‍ സ്വദേശികളായ കീരി സുനി, അലുവ കണ്ണന്‍,അഭിലാഷ് എന്നിവരെയാണ് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട് എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കിയത്.

police cached notorious chain snatchers in  operation mundans hunt
Author
Alappuzha, First Published Sep 19, 2019, 5:55 PM IST

ആലപ്പുഴ:  സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിലായി ബൈക്കുകളില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന മൂന്ന് പ്രതികളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പൂഞ്ഞാര്‍ സ്വദേശികളായ കീരി സുനി, അലുവ കണ്ണന്‍,അഭിലാഷ് എന്നിവരെയാണ് ഓപ്പറേഷന്‍ മുണ്ടന്‍സ് ഹണ്ട് എന്ന പേരില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പൊക്കിയത്. ഇവരില്‍ നിന്നായി 60 പവന്‍ സ്വര്‍ണം കണ്ടെടുത്തതായി ആലപ്പുഴ ജില്ല പൊലീസ് മേധാവി കെഎം ടോമി പറഞ്ഞു. 

എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോട്ടയം ,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കഴിഞ്ഞ മൂന്ന് വര്‍ഷമായി മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് പകല്‍ സമയങ്ങളില്‍ മാല പിടിച്ചു പറി നടത്തുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. മാലപറി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ആലപ്പുഴ എസ്‍പി  പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനിടയില്‍ വിവിധ ജില്ലകളിലായി ആയിരത്തോളം സിസിടിവികള്‍ അന്വേഷണസംഘം പരിശോധിച്ചു. മാലമോഷണത്തിന് ഇരയായ സ്ത്രീകളെ നേരില്‍ കണ്ട് മൊഴി ശേഖരിച്ചു. മുണ്ട് ധരിച്ച് ബൈക്കുകളിലെത്തിയവരാണ് മാല പൊട്ടിച്ചു പോകുന്നതെന്ന സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിന് ഓപ്പറേഷന്‍  മുണ്ടന്‍സ് ഹണ്ട് എന്ന പേരിട്ടത്. 

സിസിടിവി ക്യാമറകളില്‍ നിന്നും പ്രതികളുടെ ചിത്രം തിരിച്ചറിഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പൊലീസ് അയല്‍സംസ്ഥാനങ്ങളായ തമിഴ്‍നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലും വിപുലമായ അന്വേഷണമാണ് നടത്തിയാണ് ഒടുവില്‍ പ്രതികളെ പിടികൂടിയത്.  

സ്ത്രീകളോട് സൗഹാര്‍ദ്ദപൂര്‍വ്വം ഇടപെടുന്ന സംഘം പൊടുന്നനെ മാല പൊട്ടിച്ച് കടന്നു കളയുകയാണ് ചെയ്യുക. പത്രമാധ്യമങ്ങളില്‍ നിന്നും ഉത്സവങ്ങളുടേയും മറ്റു ആഘോഷപരിപാടികളുടേയും വിവരങ്ങള്‍ ശേഖരിച്ച ശേഷം അങ്ങോട്ട് ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്ന സംഘം അവിടുത്തെ പ്രാദേശിക സാഹചര്യം മനസ്സിലാക്കിയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്ത ശേഷമാണ് മോഷണത്തിന് ഇറങ്ങുക. മാല പിടിച്ചു പറിക്ക് മുന്‍പ് സ്ത്രീകളെ കൃത്യമായി നിരീക്ഷിക്കുന്ന സംഘം ചെറിയ തൂക്കത്തിലുള്ള മാലകള്‍ ഒഴിവാക്കി മൂന്നോ നാലോ പവന്‍ വരുന്ന മാലകളാണ് കൂടുതലായും പിടിച്ചു പറിച്ചിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios