ആലുവ: സ്വകാര്യ ആശുപത്രിക്കു മുന്നിൽ നിന്നും ഇരുചക്രവാഹനം മാറ്റി വയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ സ്കൂട്ടറിലെത്തിയ യുവതി കൈയ്യേറ്റം ചെയ്തതായി പരാതി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനാണ് നിന്ന് മർദനമേറ്റത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരക്കാണ് സംഭവം. യുവതി എത്തിയ സ്കൂട്ടർ കാർ പാർക്കിങ്ങിൽ നിന്ന് മാറ്റി വയ്ക്കാൻ റിങ്കു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്തിയപ്പോൾ സ്കൂട്ടർ മാറ്റി വച്ചതറിഞ്ഞ് അസഭ്യം പറഞ്ഞ ശേഷം  മുഖത്തടിക്കുകയായിരുന്നുവെന്ന് റിങ്കു പറയുന്നു. സ്കൂട്ടറിന്റെ സ്റ്റാൻഡ് നിലത്തുരച്ചെന്ന് ആരോപിച്ചായിരുന്നു യുവതി മർദ്ദിച്ചതെന്നും റിങ്കു കൂട്ടിച്ചേർത്തു.

സംഭവത്തിൽ കളമശ്ശേരി സ്വദേശി ആര്യ എന്ന യുവതിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. അസഭ്യം പറഞ്ഞതിനും മർദിച്ചതിനുമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ആശുപത്രി അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.