മുംബൈ: മുംബൈയിലെ കല്ല്യാണിൽ ഇതരസമുദായത്തിൽപ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തെത്തുടർന്ന് അച്ഛൻ മകളെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട്കെയ്സിലാക്കിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ തലയടക്കമുള്ള ശരീരഭാ​ഗങ്ങൾ അടങ്ങിയ മറ്റൊരു സ്യൂട്ട്കെയ്സ് പൊലീസ് കണ്ടെത്തി. കല്ല്യാണിലെ ഉൽഹാസ് അരുവിയ്ക്ക് സമീപത്തുനിന്നാണ് കൊല്ലപ്പെട്ട 22കാരി പ്രിൻസി തിവാരിയുടെ ശരീരഭാഗങ്ങളടക്കിയ സ്യൂട്ട്കെയ്സ് പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോ​ഗിച്ച ആയുധങ്ങളും പ്രദേശത്തുനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം മുംബൈയിൽ അരങ്ങേറിയത്. ഇതരസമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 47കാരനായ അരവിന്ദ് തിവാരി മകൾ പ്രിൻസിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രിൻസിയുടെ മൃതദേഹം വെട്ടിനുറുക്കി മൂന്ന് കഷണങ്ങളാക്കി സ്യൂട്ട്കെയ്സിലാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കാൻ പോകുന്നതിനിടെയാണ് അരവിന്ദ് പിടിക്കപ്പെടുന്നത്.

സംഭവം നടന്ന ദിവസം, പ്രിൻസിയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ച സ്യൂട്ട്‌കെയ്‌സുമായി ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ ഡ്രൈവർ സംശയം പ്രകടിപ്പിച്ചു. സ്യൂട്ട്കെയ്സിൽനിന്ന് ദുർ​ഗന്ധം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഡ്രൈവർ കാരണം തിരക്കുകയും ചെയ്തു. എന്നാൽ ഡ്രൈവറുടെ ചോദ്യത്തിന് മറുപടി നൽകാതെ അരവിന്ദ് ഓട്ടോയിൽനിന്ന് ചാടിയിറങ്ങി. ഇത് സംശയത്തിനിടയാക്കുകയും ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് പൊലീസെത്തി പരിശോധിക്കുകയും മൃതദേഹമാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്യൂട്ട്കെയ്സിൽനിന്ന് പ്രിൻസിയുടെ ശരീരത്തിന്റെ കീഴ്‌പ്പോട്ടുള്ള ഭാഗമാണ് കണ്ടെത്തിയത്. റെയിൽവെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സ്യൂട്ട്കെയ്സുമായി ട്രെയിനിൽനിന്ന് ഇറങ്ങുന്ന അരവിന്ദന്റെ ദൃശ്യങ്ങൾ‌ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ചയോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തന്നോട് കലഹിച്ചതിന് ശേഷം മകൾ വിഷം കഴിക്കുകയായിരുന്നുവെന്നാണ് അരവിന്ദ് പൊലീസിന് മൊഴി നൽകിയിരുന്നത്. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി മഹാത്മാ ഫുലെ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ പ്രകാശ് ലാണ്ടെ പറഞ്ഞു.

ബിരുദധാരിയായ പ്രിന്‍സി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിയും അരവിന്ദും തമ്മിൽ നിരന്തരമായി കലഹിക്കാറുണ്ടായിരുന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന പ്രിന്‍സിയുടെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അന്ധേരിയിൽ ലോജിസ്റ്റിക്സ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് 
അരവിന്ദ് തിവാരി. ടിറ്റ്‌വാലയിൽ പ്രിൻസിക്കൊപ്പമാണ് അരവിന്ദ് തിവാരി താമസിച്ചിരുന്നത്. പ്രിൻസിയുടെ അമ്മയും മറ്റു മൂന്ന് സഹോദരിമാരും ഉത്തർപ്രദേശിലെ ജാൻപുരിലാണ് താമസം.