തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി വാങ്ങിസൂക്ഷിച്ചതാണ് വിഷമെന്നാണ് ഒന്നാം പ്രതി അഖില്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഇത് രാഖിക്ക് നല്‍കാന്‍ വേണ്ടി വാങ്ങിയിരുന്നതാകാമെന്നാണ് പൊലീസിന്‍റെ സംശയം.

അഖിലിന്‍റെയും രാഹുലിന്‍റെയും വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരു കുപ്പി ഫ്യുരിഡാന്‍ കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി അഖില്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അഖില്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയതും വിഷം കണ്ടെത്തിയതും. 

രാഖിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ അഖില്‍  വീണ്ടും നാട്ടിലെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഈ മാസം 20 ന് വന്ന ശേഷം 22നാണ് തിരിച്ചു പോയത്. ഒളിവിൽ പോകുന്നതിന് മുമ്പ് അച്ഛനോട് നടന്ന കാര്യങ്ങളെല്ലാം  പറഞ്ഞെന്നും അഖിൽ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.