തിരുവനന്തപുരം: തിരുവല്ലത്ത് ലഹരി മാഫിയാ സംഘം പൊലീസ് വാഹനം അടിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രതികളെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു അക്രമം. അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടി.

 

തിരുവല്ലം പാപ്പൻചാണി ശാന്തിപുരത്തെ പ്രതികളെ പിടികൂടാൻ പോയ പൊലീസ് സംഘത്തിന് നേരെയുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മണക്കാട് കമലേശ്വരം ഭാഗത്ത് കടകൾ അടിച്ചു തകർക്കുകയും മോഷണം നടത്തുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ പ്രതികളെ പിടൂകൂടാനായിരുന്നു പൊലീസ് എത്തിയത്. 

വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോർട്ട് -തിരുവല്ലം സ്റ്റേഷനുകളിലെ പൊലീസുകാർ മഫ്ത്തിയിലായിരുന്നു. രണ്ട് പ്രതികളെ പിടികൂടിയ പൊലീസ് കൂട്ടാളികളെ കണ്ടെത്താനായി ഇവരുടെ താവളത്തിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പിന് നേരെ 14 അംഗ സംഘം ആദ്യം സ്ഫോടകവസ്തുവെറിഞ്ഞു. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കുകയും പിടികൂടിയ രണ്ട് കൂട്ടാളികളെ രക്ഷിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് ജീപ്പ് അടിച്ച് തകർക്കുകയും വയർലെസ് മോഷ്ടിക്കുകയും ചെയ്തു. ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ആക്രമിസംഘത്തെ തുരത്തിയത്. സ്ഥലത്ത് നിന്നും വൻ ആയുധ ശേഖരവും പൊലീസ് കണ്ടെത്തിയിരുന്നു. വീഡിയോ ദൃശ്യത്തിലുള്ള അലുവിള സ്വദേശി ആദർശ്, നരുവാമൂട് സ്വദേശി അനൂപ് , ശാന്തിപുരം സ്വദേശി ജാസിം എന്നിവരാണ് പൊലീസ് പിടിയിലായത്. സൈബർ പൊലീസിന്‍റെ സഹായത്തോടെ പ്രതികൾക്കായി മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് അന്യേഷണം നടത്തുന്നുണ്ട്.