കല്‍പ്പറ്റ: വയനാട്ടിൽ ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ സഞ്ചരിച്ചത് ചോദ്യം ചെയ്ത ട്രാഫിക് പോലീസുകാരനെ ഡിവൈഎഫ്ഐ നേതാവ് ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി. കൽപ്പറ്റ ട്രാഫിക് സ്റ്റേഷനിലെ കൊണ്‍സ്റ്റബിൾ അബ്ദുറഹിമാന് നൽകിയ പരാതിയിൽ ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുധീനെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം, കൽപ്പറ്റ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തു കൂടെ സ്‌കൂട്ടറിൽ ഹെൽമറ് ധരിക്കാതെ സഞ്ചരിച്ച ഷംസുദീനെ ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. പിഴത്തുകയായ 1000 രൂപ അടയ്ക്കാനും നിർദേശിച്ചു. എന്നാൽ തുക അടക്കില്ലെന്നു ഷംസുദീൻ ഉറപ്പിച്ചു പറഞ്ഞു, ഇതിനെ കോണ്‍സ്റ്റബിളായ അബ്ദുറഹിമാൻ ചോദ്യം ചെയ്തപ്പോഴാണ് പരസ്യമായി ഭീഷണിപ്പെടുത്തിയത്.

തുടർന്ന് അബ്ദുറഹിമാൻ കൽപറ്റ സിഐക്ക് പരാതി നൽകി. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്തിനും, അസഭ്യം പറഞ്ഞതിനും, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയത്തിനും ശംസുദ്ദീനെതിരെ പോലീസ് കേസെടുത്തു. നിയമപരമായ നടപടികൾ പ്രതിക്കെതിരെ സ്വീകരിക്കുമെന്ന് കൽപ്പറ്റ പോലീസ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.