Asianet News MalayalamAsianet News Malayalam

പൊലീസിന് നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെവിടെ? രണ്ടാം ദിവസവും വ്യാപക തിരച്ചിൽ

വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്.

police search for the accused of adoor guest house kidnap case
Author
First Published Jan 29, 2023, 5:41 PM IST

കൊല്ലം : കുണ്ടറയിൽ പൊലീസിനു നേരെ വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ രണ്ടാം ദിവസവും പിടികൂടാനായില്ല. പ്രതികൾ ഒളിവിൽ കഴിഞ്ഞ കരിക്കുഴിയിലെ തുരുത്തുകളിൽ പൊലീസ് ഇന്നും പരിശോധന നടത്തി. രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

വടിവാൾ വീശി രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ വ്യാപക തെരച്ചിലാണ് രണ്ടാം ദിവസവും പൊലീസ് നടത്തിയത്. കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ, ഈസ്റ്റ് കല്ലട എന്നീ സ്റ്റേഷനുകളിലെ 30 ഉദ്യോഗസ്ഥരാണ് തെരച്ചിൽ സംഘത്തിലുള്ളത്. പടപ്പക്കരയിലെ ആൾതാമസം ഇല്ലാത്ത വീടുകൾ പൊലീസ് പരിശോധിച്ചു. കരിക്കുഴിയിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞ വീടിന് സമീപമുള്ള കായലിലെ തുരുത്തുകളും ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളിലും തെരച്ചിൽ നടത്തി.  വെള്ളിമണ് വഴി ഇവർ രക്ഷപെട്ടിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികൾക്ക് സഹായം നൽകിയെന്ന് കരുതുന്ന രണ്ടു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

ഇന്നലെ പുലർച്ചയായിരുന്നു അടൂർ റസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളായ ലൂയി പ്ലാസിഡിനെയും ആൻറണി ദാസിനെയും പിടികൂടാൻ ഇൻഫോപാർക്ക് പൊലീസ് കുണ്ടറ കരിക്കുഴിയിലെത്തിയത്. എന്നാൽ പ്രതികൾ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

ഇൻഫോപാർക്ക് സി ഐ 4 റൗണ്ട് വെടിവെച്ചാണ് പ്രതികളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വടിവാൾ വീശിയ പ്രതികളിൽ നിന്നും രക്ഷപ്പെടാൻ ജീവഭയം കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. ഇവരുടെ സുഹൃത്തായ ലിബിൻ വർഗീസിനെ ഇന്നലെ കുണ്ടറയിൽ നിന്നും ഇൻഫോപാർക്ക് പൊലീസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ 25 നാണ് ചെങ്ങന്നൂർ സ്വദേശിയായ ലിബിൻ വർഗീസിനെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിൽ അടൂരിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചത് കേസിൽ ഇതുവരെ ആറ് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.  

 

 

 


 

Follow Us:
Download App:
  • android
  • ios