Asianet News MalayalamAsianet News Malayalam

വാളയാറിലെ ദളിത് പെൺകുട്ടികളുടെ മരണം: പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീലിന്

കേസിൽ വാദം പൂർത്തിയായി വിധി പറഞ്ഞ സാഹചര്യത്തിൽ അപ്പീൽ നിലനിൽക്കാൻ പൊതുവേ സാധ്യത കുറവാണ്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. 

police to file appeal against the acquittal of accused in walayar girls death
Author
Palakkad, First Published Oct 27, 2019, 9:40 AM IST

പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ അപ്പീൽ പോകുമെന്ന് പൊലീസ്. ഇത് സംബന്ധിച്ച് നിയമോപദേശം കിട്ടിയതായി തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അറിയിച്ചു. തെളിവുകളുടെ അഭാവത്തിൽ കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിയ്ക്ക് എതിരെയാണ് പൊലീസ് അപ്പീൽ നൽകുക.

വിധിപ്പകർപ്പ് കിട്ടിയാലുടൻ ഇത് പരിശോധിച്ച് പൊലീസും നിയമവകുപ്പും ചേർന്ന് അപ്പീൽ തയ്യാറാക്കും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടില്ല എന്നാണ് റേഞ്ച് ഡിഐജി പറയുന്നത്. കേസിന്‍റെ ഗൗരവം കണക്കിലെടുത്താണ് പൊലീസ് അപ്പീൽ നൽകുന്നതെന്നും ഡിഐജി വ്യക്തമാക്കുന്നു. 

കേരളത്തിന്‍റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് ഒക്ടോബർ 25-ന് പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. 

പെൺകുട്ടികൾ പീഡനത്തിനിരയായെന്നു  കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികൾ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന്  സഹോദരിയായ  ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ടു പെൺകുട്ടികളും പീഡനത്തിനിരയായതായി  പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 

എന്നാൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ആദ്യ മരണത്തിൽ കേസ് എടുക്കാന്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐയെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ  കേസിനെ വിവാദമാക്കിയിരുന്നു.   

ഇതിന് പുറമേ കോടതി കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയതും വലിയ വിവാദമായി. പ്രായപൂർത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പൂർത്തിയായിട്ടുണ്ട്. അടുത്തമാസം ഈ കേസിലും വിധി പറയാനിരിക്കെയാണ് നിലവിലെ കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീൽ നൽകാനൊരുങ്ങുന്നത്.

പെൺകുട്ടിയുടെ അമ്മ ഇന്നലെ ന്യൂസ് അവറിൽ പറഞ്ഞത്:

അപ്പീൽ നിലനിൽക്കുമോ?

കേസിൽ വാദം പൂർത്തിയായി വിധി പറഞ്ഞ സാഹചര്യത്തിൽ അപ്പീൽ നിലനിൽക്കാൻ പൊതുവേ സാധ്യത കുറവാണ്. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ അതിന് കോടതി ഉത്തരവ് പുറപ്പെടുവിയ്ക്കണമെങ്കിൽ ശക്തമായ തെളിവുകൾ കോടതിയ്ക്ക് മുന്നിൽ ഹാജരാക്കേണ്ടി വരും. 

അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകളുണ്ടായിട്ടുണ്ട്. 2017 ജനുവരിയിൽ മൂത്ത സഹോദരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണ്. പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് സൂചന ഉണ്ടായിരുന്നതാണ്. എന്നിട്ടും കാര്യമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ല. മാർച്ച് നാലിന് ഇളയ സഹോദരിയെയും അതേ രീതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആദ്യകേസ് തന്നെ ശാസ്ത്രീയമായി അന്വേഷിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കുഞ്ഞിന്‍റെ മരണം ഒഴിവാക്കാനാകുമായിരുന്നേനെ. പ്രതികൾക്കെതിരായി സമഗ്രമായ തെളിവും ലഭിക്കുമായിരുന്നു.

ആദ്യത്തെ കുട്ടി മരിച്ചപ്പോൾ കുട്ടിയുടെ അമ്മ ഉൾപ്പടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വിശദമായ വിവരങ്ങൾ അന്വേഷിച്ചില്ല. ഇതോടെ തെളിവുകൾ ദുർബലമായി.

പോസ്റ്റ്‍മോർട്ടത്തിൽ പീഡനം വ്യക്തമായെങ്കിലും പ്രതികളാണ് പെൺകുട്ടികളെ ഉപദ്രവിച്ചതെന്നതിന് തെളിവുകളുണ്ടായില്ല. രണ്ട് സാക്ഷികൾ കേസിൽ നിന്ന് കൂറുമാറി. ഇതോടെ പൊലീസിന്‍റെ കുറ്റപത്രം പൊളിയുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios