Asianet News MalayalamAsianet News Malayalam

വളര്‍ത്തുപൂച്ചകള്‍ ഒന്നിന് പുറകേ ഒന്നായി ചത്തു; വീട്ടമ്മയുടെ പരാതിയില്‍ അയല്‍വാസിക്കെതിരെ കേസ്

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് കേസ്. അഞ്ച് പൂച്ചകളാണ് ഒന്നിന് പുറകേ ഒന്നായി ചത്തത്. 

police took case against neighbor for violence against animal in kozhikode
Author
Kozhikode, First Published Feb 7, 2021, 11:38 AM IST

കോഴിക്കോട്: ഓമനിച്ച് വളര്‍ത്തിയ അഞ്ച് പൂച്ചകള്‍ ഒന്നിന് പുറകേ ഒന്നായി ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. അയല്‍വാസിയുടെ വീട്ടില്‍ പോയ മുണ്ടിക്കൽതാഴം എടത്തിൽ വീട്ടിൽ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ കെ ഹേനയുടെ പൂച്ചകളാണ് ചത്തത്. ഹേനയുടെ പരാതിയില്‍ അയൽവാസിയായ തറ്റാംകൂട്ടിൽ സന്തോഷിന്റെ പേരിലാണ്  പോലീസ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. 

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തുമണിയോടെ അയൽവീട്ടിൽനിന്ന്  തിരിച്ചെത്തിയ കറുത്ത പൂച്ചയാണ് ആദ്യം മുറ്റത്ത് പിടഞ്ഞുചത്തത്. തുടർന്ന് രണ്ട് പൂച്ചക്കുട്ടികൾകൂടി  വായിൽനിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയും ചാകുന്നത്.  അഞ്ചാമത്തെ പൂച്ച അയൽക്കാരന്റെ വീട്ടിൽത്തന്നെ ചത്ത് കിടക്കുകയായിരുന്നു.

നാലാമത്തെ പൂച്ചയും ചത്തതോടെയാണ് ഹേന മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. പൂച്ചശല്യം  തുടർന്നാൽ വിഷംകൊടുത്തു കൊല്ലുമെന്ന്  അയൽക്കാരൻ ഭീഷണിപ്പെടുത്തിയതായാണ് വീട്ടമ്മ പരാതിയിൽ പറയുന്നു. ആദ്യം ചത്ത പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളിൽച്ചെന്നിരിക്കാൻ സാധ്യതയുണ്ടെന്നറിയുന്നത്.  മറ്റെല്ലാ പൂച്ചകളെയും കുഴിച്ചുമൂടിയതോടെ നാലാമത്തെ പൂച്ചയുടെ ജഡമാണ് പോസ്റ്റുമോർട്ടം ചെയ്തത്. രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ. 

Follow Us:
Download App:
  • android
  • ios