Asianet News MalayalamAsianet News Malayalam

സൗമ്യയുടെ അരുംകൊലയ്ക്ക് പിന്നിൽ അജാസിന്‍റെ വ്യക്തി വൈരാഗ്യം, കൂടുതൽ പേരെ ചോദ്യം ചെയ്യും

സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. പ്രതി അജാസ് പൊള്ളലേറ്റ് ചികിത്സയിലാണ്. നില മെച്ചപ്പെട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും. 

police woman cop burnt to death accused police cop ajas in hospital
Author
Alappuzha, First Published Jun 15, 2019, 11:58 PM IST

മാവേലിക്കര: നടുറോഡിൽ പെട്രോളൊഴിച്ച് ചുട്ടുകൊന്ന പൊലീസുദ്യോഗസ്ഥ സൗമ്യ പുഷ്പകരന്‍റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‍മോർട്ടം. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവിൽ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.

ചെങ്ങന്നൂർ ഡിവൈഎഎസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ചികിത്സയിലുള്ള പ്രതി അജാസിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം പൊലീസ് വിശദമായി ചോദ്യംചെയ്യും. വള്ളികുന്നത്തെ സൗമ്യയുടെ ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് സംഘം മൊഴിയെടുക്കുന്നുണ്ട്. 

Read More: അന്ന് കവിത, ഇന്ന് സൗമ്യ; ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെ മനഃശ്ശാസ്ത്രമെന്ത്?

വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനെ കൊച്ചി കാക്കനാട് സ്വദേശിയായ അജാസിന് നേരത്തേ പരിചയമുണ്ടായിരുന്നു. ആലുവ ട്രാഫിക് സ്റ്റേഷനിലാണ് അജാസ് ജോലി ചെയ്യുന്നത്. മൂന്ന് വർഷം മുമ്പാണ് സൗമ്യയും അജാസും പരിചയപ്പെടുന്നത്. തൃശൂരിലെ കെഎപി ബറ്റാലിയനിൽ വച്ച് അജാസ് സൗമ്യയ്ക്ക് ട്രെയിനിങ് നൽകിയിരുന്നു. പിന്നീട് ഇരുവരും വഴക്കിടുകയും വ്യക്തിവൈരാഗ്യമായി മാറുകയും ചെയ്തു. ഇതാണ് കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്.

Read More: സൗഹൃദം തുടങ്ങിയത് കെഎപി ബറ്റാലിയനിൽ നിന്ന് ; അജാസ് തീര്‍ത്തത് സൗമ്യയുമായുള്ള വ്യക്തിവിരോധം

കഴിഞ്ഞ 15 ദിവസമായി മെഡിക്കൽ ലീവിലായിരുന്ന പ്രതി കൊല്ലപ്പെട്ട സൗമ്യയെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലണമെന്ന് ഉറച്ചു തന്നെയാണ് ഇയാൾ കൃത്യത്തിനെത്തിയത്.സൗമ്യവീട്ടിലേക്ക് പോയപ്പോഴും പിന്നീട് വീട്ടിൽ നിന്ന് പുറത്തേക്ക് വന്നപ്പോഴുമെല്ലാം ഇയാൾ സൗമ്യയ്ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കാറിൽ വടിവാളും പെട്രോളും കരുതിയത് ആസൂത്രിക കൊലപാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഉച്ചതിരിഞ്ഞ് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ സൗമ്യ സ്കൂട്ടറിൽ കാഞ്ഞിപ്പുഴയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അജാസ് ആക്രമിച്ചത്. വീടിന് സമീപം വച്ച്, കാറിലെത്തിയ പ്രതി അജാസ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി. നിലത്ത് നിന്ന് എണീറ്റ് ഓടാൻ ശ്രമിച്ച സൗമ്യയെ പിന്നാലെയെത്തിയ അജാസ് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. പ്രാണരക്ഷാർത്ഥം ഓടിയ സൗമ്യ അജാസിനെ കെട്ടിപ്പിടിച്ചു. ഇതോടെ കൊലയാളിക്കും പൊള്ളലേറ്റു.

സൗമ്യയുടെ നിലവിളി ഓടിയെത്തിയ നാട്ടുകാർക്ക് രക്ഷിക്കാൻ സാധിക്കാത്ത വിധം വലിയ അ​ഗ്നിബാധയാണ് ഉണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിസരത്തുണ്ടായിരുന്ന അജാസിനെ നാട്ടുകാർ പിടികൂടി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. 

Read More: പ്രാണവേദനയോടെ സൗമ്യ അടുത്ത വീട്ടിലേക്ക് ഓടി: പിന്നാലെ ഓടി പെട്രോളൊഴിച്ച് അജാസ്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള അജാസിന് നിലവിൽ സംസാരിക്കാൻ കഴിയുന്നില്ല. ആരോഗ്യനില മെച്ചപ്പെട്ട ശേഷം അജാസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. 

മൂന്ന് കുട്ടികളുണ്ട് സൗമ്യക്ക്. ഭർത്താവ് വിദേശത്താണ്. 

Watch Video: ആലപ്പുഴയില്‍ പൊലീസുകാരിയായ സൗമ്യ ക്രൂരമായി കൊല്ലപ്പെട്ടതിന്‍റെ കാരണമെന്ത്? (ഞങ്ങളുടെ പ്രതിനിധി കൃഷ്ണമോഹൻ തയ്യാറാക്കിയ റിപ്പോർട്ട്)

Follow Us:
Download App:
  • android
  • ios