നിക്ഷേപകര്‍ക്ക് നൽകിയ രേഖകളിലും ക്രമക്കേട് ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ

പത്തനംതിട്ട: പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. നിക്ഷേപകര്‍ക്ക് നൽകിയ രേഖകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് പോപ്പുലറിന്‍റെ തന്നെ പല സ്ഥാപനങ്ങളുടെ രസീതുകൾ കണ്ടെത്തിയത്. നിക്ഷേപകർക്ക് നൽകിയ രേഖകളും വ്യത്യസ്തമായ സ്ഥാപനങ്ങളുടെതാണ്. 

തുടര്‍ന്ന് വായിക്കാം:പോപ്പുലർ ഫിനാ‍ൻസ് സാമ്പത്തിക തട്ടിപ്പ്: പരാതിക്കാരുടെ എണ്ണം കൂടുന്നു; പ്രവർത്തനം വർഷങ്ങളായി കുത്തഴിഞ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.

റോയി ഡാനിയലിന്‍റേയിം മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ . ഇവരുടെ വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്‍റെ നിക്ഷേപം വകമാറ്റിയിരുന്നു. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള സ്ഥാപനങ്ങളിലെത്തും പണം മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.അതേ സമയം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി

ഇന്നലെ ദില്ലി വിമാനത്താവളത്തിൽ പിടിയിലായ റോയിയുടെ മക്കളും പോപ്പുലർ ഡയറക്ടർ ബോർഡ് അംഗങ്ങളുമായ റിനു മറിയം, റിയ ആൻ എന്നിവരവുമായി അന്വേഷണ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. റോയിയുടെ ഇളയ മകൾ റീബ ഓസ്ട്രേലിയയിലേക്ക് കടന്നെന്നാണ് സൂചന. റോയി ഡാനിയേലും ഭാര്യ പ്രഭയും ഇപ്പോഴും ഒളിവിലാണ്