ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ കഴിയൂ. പ്രകാശ് തമ്പിക്കെതിരെ ആരോപണങ്ങളുമായി ദൃക്സാക്ഷി കലാഭവൻ സോജനും ബാലഭാസ്കറിന്‍റെ അച്ഛൻ ഉണ്ണിയും ബന്ധു പ്രിയ വേണുഗോപാലും രംഗത്തെത്തിയിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴി ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തുന്നത് വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയിൽ വാങ്ങാനാകൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡിആർഐ റജിസ്റ്റർ ചെയ്ത കേസിലാണ് പ്രകാശ് ജയിലിൽ കഴിയുന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടി പ്രതികളായ കേസിൽ സിബിഐയും ഇടപെട്ടിട്ടുണ്ട്. സിബിഐ പ്രകാശിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടു നൽകൂ. ഫോറൻസിക് സംഘത്തിന്‍റെ റിപ്പോർട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്. 

അതേസമയം, ബാലഭാസ്കറിന്‍റെ കാർ അപകടത്തിൽ പെട്ട സമയത്ത് സ്ഥലത്തു നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞപ്പോൾ അത് ശ്രദ്ധിക്കാത്ത മട്ടിലാണ് ഇയാൾ പെരുമാറിയതെന്നും വെളിപ്പെടുത്തിയ ദൃക്സാക്ഷി കലാഭവൻ സോജന്‍റെ മൊഴി ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. 

ബാലഭാസ്കറിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് നേരത്തേ ബന്ധു പ്രിയ വേണുഗോപാൽ വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകൾ പുറത്തു വരുന്നതിനിടെയാണ് അപകടത്തിൽ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും പുറത്തു വരുന്നത്. 

സ്വർണക്കടത്തിലെ പ്രധാന കണ്ണികളായ പ്രകാശ് തമ്പിയ്ക്കും വിഷ്ണുവിനും ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്നു. സ്റ്റേജ് പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നത് പ്രകാശാണ്. സാമ്പത്തിക ഇടപാടുകളിൽ വിഷ്ണുവിനും ബന്ധമുണ്ടായിരുന്നു. ഡ്രൈവറായിരുന്ന അർജ്ജുനെ ബാലഭാസ്കറിന് പരിചയപ്പെടുത്തിയത് വിഷ്ണുവായിരുന്നുവെന്ന വിവരമാണ് പൊലീസിന് കിട്ടുന്നത്. അർജ്ജുൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോള്‍ വിഷ്ണുവിന്‍റെ വിലാസമാണ് നൽകിയിരുന്നത്.

സ്വർണ്ണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോൾ റിമാൻഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്കറിന്‍റെ മരണത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് അച്ഛൻ നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തിൽ പ്രതികളായ പ്രകാശിന്‍റെയും വിഷ്ണുവിന്‍റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡിആർഐയിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. 

Read More:'ബാലഭാസ്കറിന്‍റെ മരണശേഷം എല്ലാം നിയന്ത്രിച്ചത് പ്രകാശ് തമ്പി': വെളിപ്പെടുത്തലുമായി ബന്ധു