പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരുന്ന ഒരു വലിയ പെട്ടിക്കുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഒന്‍പതു വയസുകാരിയെ ഗര്‍ഭിണിയായ രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ടു. മുസാഫര്‍ നഗറിലാണ് സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഗര്‍ഭിണിയായ രണ്ടാനമ്മ ശില്‍പ്പയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

തിങ്കളാഴ്ച വൈകുന്നേരമാണ് ഒന്‍പതു വയസുകാരിയായ രാധികയെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചു, പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരുന്ന ഒരു വലിയ പെട്ടിക്കുള്ളില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് മുസാഫര്‍നഗര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിംഗ് പറഞ്ഞു.

ബോധം തെളിഞ്ഞ ശേഷം പെണ്‍കുട്ടി തന്നെയാണ് തന്നെ രണ്ടാനമ്മ പെട്ടിയില്‍ പൂട്ടിയിട്ട വിവരം പൊലീസിനോട് പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് സോനു ശര്‍മ്മ ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചിതനായ ശേഷം അടുത്തിടെയാണ് ശില്‍പ്പയെ വിവാഹം കഴിച്ചത്. ശില്‍പ്പ ഗർഭിണിയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Read More : കാമുകന്‍ ചതിച്ചു; മദ്യപിച്ചെത്തിയ കാമുകി കാമുകന്റെ വീടിന് തീ ഇട്ടു!