തമിഴ്നാട്ടിലെ കോൺ​ഗ്രസ് നേതാവായ എം പി രഞ്ജൻ കുമാർ ആണ് 2024-ൽ താൻ പൊലീസിന് വിവരം കൈമാറിയെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും രഞ്ജൻ കുമാർ പറഞ്ഞു.

ചെന്നൈ: ​തമിഴ്നാട്ടിലെ പ്രമുഖ ​ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിയുടെ ലൈം​ഗികാതിക്രമങ്ങളെക്കുറിച്ച് രണ്ടുവർഷം മുൻപ് തന്നെ ചെന്നൈ പൊലീസിനെ വിവരമറിയിച്ചിരുന്നതായി വെളിപ്പെടുത്തൽ. തമിഴ്നാട്ടിലെ കോൺ​ഗ്രസ് നേതാവായ എം പി രഞ്ജൻ കുമാർ ആണ് 2024-ൽ താൻ പൊലീസിന് വിവരം കൈമാറിയെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്. എന്നാൽ, പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും രഞ്ജൻ കുമാർ പറഞ്ഞു.

2024 നവംബറിലാണ് വീരമണി കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കാണാനിടയായത്. വീരമണിയുടെ കൂട്ടാളി കൂടിയായ ശാന്തിയുടെയും ഭർത്താവ് മ​ഹേന്ദ്ര സിംഹന്റെയും വീട്ടിൽവെച്ചാണ് ഈ ​ദൃശ്യങ്ങൾ കണ്ടത്. ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 2024 ജൂലായിലാണ് ശാന്തിയെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഫോണിലൂടെ പലതവണ സംസാരിച്ചു. ഒരിക്കൽ ശാന്തിയും ഭർത്താവും അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെവെച്ചാണ് വീരമണിയുടെ തെറ്റായ പ്രവൃത്തികൾ കണ്ടോളൂ എന്നുപറഞ്ഞ് വീരമണി കുട്ടികളെ ഉപദ്രവിക്കുന്ന ​​​ദൃശ്യങ്ങൾ കാണിച്ചത്. ഒരു പെൺകുട്ടിയെ കിടപ്പുമുറിയിൽവെച്ച് ചോക്ലേറ്റുകൾ നൽകിയശേഷം ലൈം​ഗികമായി ഉപദ്രവിക്കുന്നതയാണ് ടിവിയിൽ കാണിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നത്. ആ ദൃശ്യങ്ങൾ താൻ ഫോണിൽ പകർത്തി. പിന്നീട് ഒരു അഭിഭാഷകനുമായി ചർച്ച ചെയ്തശേഷം അന്നത്തെ അഡീഷണൽ പൊലീസ് കമ്മീഷണറെ നേരിട്ട് കണ്ട് പരാതി നൽകാൻ തീരുമാനിച്ചു. ഇതിനായി ആദ്യം കമ്മീഷണറുടെ അനുമതി തേടി. കമ്മീഷണറായിരുന്ന കണ്ണനെ കണ്ട് കാര്യങ്ങൾ അറിയിച്ചു. പത്തുദിവസത്തിന് ശേഷം മഹേഷ് എന്ന ഇൻസ്പെക്ടർ ചെന്നൈ അശോക ഹോട്ടലിൽവെച്ച് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ദൃശ്യങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം അസിസ്റ്റന്റ് കമ്മീഷണർ യാസ്മീനെയും കണ്ടു. കുട്ടികളെ അറിയാമോ, എവിടെയാണ് ഇത് നടന്നത് അറിയാമോ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചത്. പക്ഷേ, അതിനുശേഷം പരാതിയിൽ അന്വേഷണമൊന്നും ഉണ്ടായില്ലെന്നും അന്ന് ഭരണകക്ഷിക്കൊപ്പമായതിനാൽ താൻ പിന്നീട് സമ്മർദം ചെലുത്തിയില്ലെന്നും ദി ന്യൂസ്മിനിറ്റിനോട് രഞ്ജൻ കുമാർ വെളിപ്പെടുത്തി.

അതിനിടെ, പോക്സോ കേസിൽ അറസ്റ്റിലായ ആർ വീരമണിയുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളിൽ തമിഴ്നാട് സെൻട്രൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ടി ന​ഗറിലെ വീരമണിയുടെ വീട്ടിലും ​ഗോപാലപുരത്തെ ഓഫീസിലും ഉൾപ്പെടെയാണ് പരിശോധന നടത്തിയത്. റെയ്ഡിൽ മൊബൈൽഫോണുകളും നിരവധി ഡിജിറ്റൽ തെളിവുകളും പൊലീസ് കണ്ടെടുത്തു.

ഓ​ഗസ്റ്റ് 29-നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ​​ഗ്രാനൈറ്റ് വ്യവസായിയും ജെം ​ഗ്രാനൈറ്റ്സ് ഉടമയുമായ ആർ വീരമണി(84) അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ ശാന്തി, ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹൻ, ​മുൻ ജീവനക്കാരനായ ​ഗണേഷൻ എന്നിവരും അറസ്റ്റിലായിരുന്നു.

2025 ഒക്ടോബറിൽ ഒരു സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് പൊലീസ് വീരമണിക്കെതിരേ അന്വേഷണം ആരംഭിച്ചത്. വീരമണി പെൺകുട്ടിയെ ലൈം​ഗികമായി ഉപദ്രവിക്കുന്ന ​ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് സഹിതമാണ് സാമൂഹികപ്രവർത്തകൻ പരാതി നൽകിയത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായില്ലെന്നും ദൃശ്യങ്ങളിലുള്ള പെൺകുട്ടിയെ കണ്ടെത്താനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കേസിൽ മതിയായ തെളിവുകൾ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്ന് 2026 ഫെബ്രുവരിയിൽ കേസ് അന്വേഷണം അവസാനിപ്പിക്കാനായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, പ്രത്യേക പോക്സോ കോടതി പൊലീസിന്റെ റിപ്പോർട്ട് തള്ളി പുനഃരന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെയാണ് 2026 ജൂലായിൽ വീരമണിക്കെതിരായ കേസിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഓ​ഗസ്റ്റ് 29-ന് വീരമണിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരയായത് നിരവധി പെൺകുട്ടികൾ...

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കവസ്ഥയിലുള്ള നിരവധി പെൺകുട്ടികളെ ആർ വീരമണി ലൈം​ഗികമായി ഉപദ്രവിച്ചതായാണ് റിപ്പോർട്ട്. ഇതിൽ ഏഴുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രതിയായ ശാന്തിയാണ് വീരമണിക്കായി പെൺകുട്ടികളെ എത്തിച്ചുനൽകിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ചെന്നൈയുടെ വിവിധഭാ​ഗങ്ങളിൽനിന്നുള്ള 12-16 വയസ്സിന് ഇടയിലുള്ള കുട്ടികളെയാണ് തെയ്നാംപേട്ടിലെ വാടകവീട്ടിലേക്ക് കൊണ്ടുവന്നിരുന്നത്. തുടർന്ന് പെൺകുട്ടികൾക്ക് വിവിധ സമ്മാനങ്ങളും പണവും നൽകിയാണ് വീരമണി ഇവരെ ലൈം​ഗികമായി ചൂഷണംചെയ്തിരുന്നതെന്നും പറയുന്നു. അമേരിക്കയിലെ കുപ്രസിദ്ധ ലൈം​ഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായാണ് ദേശീയ മാധ്യമങ്ങളടക്കം ആർ വീരമണിയെ താരതമ്യപ്പെടുത്തുന്നത്. എപ്സ്റ്റീൻ ഓഫ് തമിഴ്നാട് എന്നും ചില മാധ്യമങ്ങൾ വീരമണിയെ വിശേഷിപ്പിച്ചിരുന്നു.