പത്തനാപുരത്ത് പതിനേഴുകാരനെ കാണാതായി ഒമ്പതു മാസം കഴിഞ്ഞിട്ടും സൂചനയൊന്നും ഇല്ലാതെ പൊലീസ്. പത്തനാപുരം കടശേരി സ്വദേശി രാഹുലിന്‍റെ തിരോധാനം സിബിഐ അന്വേഷണത്തിനു വിടണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

കൊല്ലം: പത്തനാപുരത്ത് പതിനേഴുകാരനെ കാണാതായി ഒമ്പതു മാസം കഴിഞ്ഞിട്ടും സൂചനയൊന്നും ഇല്ലാതെ പൊലീസ്. പത്തനാപുരം കടശേരി സ്വദേശി രാഹുലിന്‍റെ തിരോധാനം സിബിഐ അന്വേഷണത്തിനു വിടണമെന്നാവശ്യപ്പെട്ട് സമര പരിപാടികള്‍ക്കൊരുങ്ങുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

2020 ആഗസ്റ്റ് ഇരുപതിനാണ് കടശേരി മുക്കലാട്ടെ വീട്ടില്‍ നിന്ന് രാഹുലിനെ കാണാതായത്. പുതിയ വീടിന്‍റെ പണി നടക്കുന്നതിനാല്‍ ചെറിയ ഷെഡ്ഡുകളിലായിരുന്നു രാഹുലിന്‍റെയും മാതാപിതാക്കളുടെയും അന്തിയുറക്കം. ഇരുപതിന് രാവിലെ മാതാപിതാക്കള്‍ ഉണര്‍ന്നപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. അന്നു തന്നെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. വന മേഖലയോട് ചേര്‍ന്ന് വീടായതിനാല്‍ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രയോജനം ചെയ്തില്ല. 

മാസങ്ങള്‍ക്കിപ്പുറം അന്വേഷണം പൊലീസ് ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. ഇതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്. മുക്കലാട്ടെ രാഹുലിന്‍റെ വീട്ടിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മാതാപിതാക്കള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാല്‍ രാഹുലിനെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona