തിരുവനന്തപുരം: റെയിൽവെ മെക്കാനിക്കൽ എഞ്ചിനീയർ സജിത് ആർഎസ്. ട്രെയിൻ തട്ടി മരിച്ചതിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. മേലുദ്യോഗസ്ഥരുടെ അഴിമതി ചോദ്യം ചെയ്തിൽ സജിത്തിന് മാനസിക പീഡനം ഏൽക്കേണ്ടിവന്നതായി ബന്ധുക്കൾ പറഞ്ഞു. അതേ സമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് റെയിൽവേയുടെയും പൊലിസിന്‍റെയും വിശദീകരണം. കഴിഞ്ഞ ദിവസം രാവിലെയാണ് കൊച്ചുവേളിക്കും ഓള്‍ സയൻസ് കോളജിനുമിടയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ സജിത്തിൻറെ മൃതദേഹം കണ്ടെത്തിയത്. 

റെയിൽവേ ട്രാക്കിന് സമീപം സജിത്തിന്‍റെ വാഹനമുണ്ടായിരുന്നു. കൊച്ചുവേളിയിലെ റെയിൽവെ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന സജിത്. രാവിലെ ജോലി കഴിഞ്ഞിറങ്ങിയതായിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമുണ്ടെന്ന ചൂണ്ടികാട്ടി ഈ മാസം 11ന് സജിത് റേയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. അതിനാൽ സജിതിൻറെ മരണം ആത്മഹത്യയല്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ അസ്വാഭാവികമരണമെന്ന ആരോപണം പേട്ട പൊലീസ് തള്ളുന്നു. ട്രെയിനിന് മുന്നിൽ സജിത് ചാടിയത് കണ്ടവരുണ്ടെന്നും  അവരാണ് പൊലീസിനെ വിവരമറിച്ചതെന്നും പേട്ട സിഐ പറഞ്ഞു. മാനസിക പീഡനമുണ്ടെന്ന ആരോപണം റെയിൽവേ നിഷേധിച്ചു. മേലധികാരികൾക്കെതിരെ സജീത് നൽകിയ പരാതിയിൽ നേരത്തെ തന്നെ നടപടി എടുത്തിരുന്നതായും റെയിൽവെ വിശദീകരിച്ചു.