ജയ്‌പൂർ: തന്റെ നഖങ്ങൾ സ്‌ക്രൂ ഡ്രൈവറും സ്‌പാനറും ഉപയോഗിച്ച് പൊലീസുകാർ പിഴുതെടുത്തതായി കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് യുവതി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് യുവതി ഇക്കാര്യങ്ങൾ പറയുന്നത്. രാജസ്ഥാനിലെ ചുരു ജില്ലയിലെ 35-കാരിയായ യുവതിയെ എട്ടുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ക്രൂരമായ പീഡിപ്പിച്ച സംഭവത്തിൽ ആറ് പൊലീസുകാർ പിടിയിലായിരുന്നു.

പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിൽ വച്ച് തനിക്കേൽക്കേണ്ടി വന്ന ക്രൂരമർദ്ദനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും കഥ യുവതി അന്വേഷണ ഉദ്യോഗസ്ഥരോടാണ് പറഞ്ഞത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതോടെയാണ് സാക്ഷിയായ യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചത്.

"ഭർതൃ സഹോദരനെ മോഷണം നടത്താൻ സഹായിച്ചുവെന്ന് പൊലീസുകാർ എനിക്കെതിരെ ആരോപണം ഉന്നയിച്ചു. ഒരു ദിവസം അവരൊരു സ്വകാര്യ കാറിലെത്തിയ ശേഷം എന്നെ ബലമായി പിടിച്ച് കാറിലിട്ട് കൊണ്ടുപോയി. സ്റ്റേഷനിലെത്തിയ ഉടൻ അവിടെയുണ്ടായിരുന്ന പൊലീസുകാർ എന്നെ ലാത്തി കൊണ്ട് തല്ലി," ദളിത് യുവതി പരാതിപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാരി ഇവരോട് എതിർത്തെങ്കിലും ഫലമുണ്ടായില്ലെന്നും ഇവർ പറഞ്ഞു.

"അവരെന്റെ വസ്ത്രം അഴിക്കാൻ നിർബന്ധിച്ചു. പിന്നീട് അവരെന്നെ പീഡിപ്പിക്കാൻ തുടങ്ങി. ഇതിനെ എതിർത്തപ്പോൾ പെട്രോളൊഴിച്ച് ജീവനോടെ കത്തിക്കുമെന്ന് പറഞ്ഞു" - യുവതിയുടെ മൊഴി എഫ്ഐആറിൽ രേഖപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മറ്റ് പൊലീസുകാരെ ലോക്കപ്പിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതോടെയാണ് പീഡനം കുറച്ച് നേരത്തേക്ക് നിർത്തിവച്ചതെന്ന് മൊഴിയിൽ പറയുന്നു. ഈ ഉദ്യോഗസ്ഥ ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം മുറി അകത്തുനിന്നും പൂട്ടി. ആ രാത്രി സമാധാനത്തോടെയാണ് താനുറങ്ങിയതെന്നും യുവതി പറഞ്ഞു. എന്നാൽ അടുത്ത ദിവസം രാവിലെ ഇതേ പൊലീസുകാർ ലൈംഗിക പീഡനം തുടർന്നു. ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും തുടർച്ചയായി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പ്രതികളിലൊരാളായ പൊലീസുകാരൻ വൈദ്യുതി പ്രസരിക്കുന്ന വയർ കാണിച്ച് ഷോക്കടിപ്പിക്കുമെന്ന് ഒരു രാത്രി ഭയപ്പെടുത്തിയപ്പോൾ മറ്റൊരു പൊലീസുകാരൻ കത്തി കുത്തി പരിക്കേൽപ്പിച്ചു. ഇതിന് ശേഷം മറ്റ് പൊലീസുകാരും ക്രൂരമായി മർദ്ദിച്ചെന്നും ഈ സമയത്താണ് നഖം സ്‌പാനറും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് പൊലീസുകാർ പറിച്ചെടുത്തതെന്നുമാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.