ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന യുവതി, ബന്ധുക്കളെ കാണാനാണ് രണ്ട് ദിവസം മുമ്പ് രാജസ്ഥാനില്‍ നിന്ന് ദില്ലിയിലെത്തിയത്

ദില്ലി: രാജ്യ തലസ്ഥാനത്ത് വോട്ടെണ്ണല്‍ ദിവസം വീട്ടമ്മ അതിക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയായി. കേസില്‍ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ ലിഫ്റ്റ് നല്‍കാമെന്ന വ്യാജേന കാറില്‍ കയറ്റിയ ശേഷം രണ്ടംഗ സംഘം വിജനമായ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

ദില്ലിയുടെ തെക്കൻ ദില്ലിയിലെ ഫത്തേപൂര്‍ ബേരിയിലാണ് രാജസ്ഥാൻ സ്വദേശിനിയായ യുവതി കൂട്ടബലാല്‍സംഗത്തിനിരയായത്. വോട്ടെണ്ണല്‍ ദിവസം രാത്രി ഫത്തേപൂര്‍ ബേരിയിലുള്ള സത് സങ് ആശ്രമത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. രാത്രി 8 മണിയോടെ ഓട്ടോറിക്ഷയ്ക്കായി കാത്ത് നില്‍ക്കുമ്പോഴായിരുന്നു പ്രതികൾ കാറിലെത്തിയത്, 

ലിഫ്റ്റ് നൽകാമെന്ന ഇവരുടെ വാക്കിൽ വിശ്വസിച്ചാണ് കൂടെ പോയതെന്ന് യുവതി മൊഴി നൽകി. ചെറുപ്പക്കാരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നാത്തതിനാല്‍ യുവതി കാറില്‍ കയറി. എന്നാല്‍ ഏറെദൂരം വഴിമാറി സഞ്ചരിച്ച ശേഷം, ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി. പിന്നീട് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. 

യുവതിയെ ഇവിടെ തന്നെ ഉപേക്ഷിച്ച ശേഷം ഇരുവരും രക്ഷപ്പെട്ടു. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ എയിംസിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണിവര്‍. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന യുവതി, ബന്ധുക്കളെ കാണാനാണ് രണ്ട് ദിവസം മുമ്പ് രാജസ്ഥാനില്‍ നിന്ന് ദില്ലിയിലെത്തിയത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.