Asianet News MalayalamAsianet News Malayalam

'പൊട്ടിക്കൽ' പൊളിക്കണം, വൻവേഗത്തിൽ ചേസിംഗ്, ഒടുവിൽ അപകടം, ക്വട്ടേഷൻ വന്ന വഴി

സംഘാംഗങ്ങളിൽ പലർക്കും പരസ്പരം പരിചയമില്ലായിരുന്നു. ഇവർ പരിചയപ്പെട്ടത് ഒരു വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. 

ramanattukara accident more people are involved says police
Author
Ramanattukara, First Published Jun 23, 2021, 11:44 AM IST

കോഴിക്കോട്: രാമനാട്ടുകരയിൽ അപകടമുണ്ടായ കാറിലെ മരിച്ച് പോയവർക്കും, ഇപ്പോൾ ചോദ്യം ചെയ്യുന്നവർക്കും പുറമേ കൂടുതൽപ്പേർക്ക് ഈ ക്വട്ടേഷനിൽ പങ്കുണ്ടായിരുന്നെന്ന് ഉറപ്പിച്ച് പൊലീസ്. സംഘാംഗങ്ങളിൽ പലർക്കും പക്ഷേ പരസ്പരം പരിചമുണ്ടായിരുന്നില്ല. ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അത് വഴിയാണ് പലരും പരസ്പരം ആദ്യമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതും. 

അതേസമയം, ഈ ക്വട്ടേഷൻ നൽകിയത് താമരശ്ശേരി സ്വദേശിയായ മൊയ്ദീൻ ആണെന്നാണ് നിലവിൽ ചോദ്യം ചെയ്യലിലൂടെ പൊലീസിന് വ്യക്തമാകുന്നത്. വൻ തുകയ്ക്കാണ് മൊയ്ദീൻ ക്വട്ടേഷൻ നൽകിയത്. നിലവിൽ ഇയാൾ യുഎഇയിലാണ്. അപകടദിവസം ഇവർ സ്വർണം കടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. 

തിങ്കളാഴ്ച പുലർച്ചെ അഞ്ച് യുവാക്കൾ കോഴിക്കോട് രാമനാട്ടുകരയിൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ ക്വട്ടേഷൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവരുന്നത്. തീർത്തും ദുരൂഹമായ സഞ്ചാരപാതയായിരുന്നു ഈ യുവാക്കളുടേത്. കരിപ്പൂരിൽ നിന്ന് വരികയാണെന്നും, സുഹൃത്തിനെ കൊണ്ടുവിടാൻ പോയതാണെന്നും, അടക്കം പൊരുത്തക്കേടുകളുള്ള മൊഴിയിൽ നിന്നാണ് പൊലീസിന് ആദ്യം ദുരൂഹത മണത്തത്. ചെർപ്പുളശ്ശേരിയിലേക്ക് കരിപ്പൂരിൽ നിന്ന് പോകാൻ പെരിന്തൽമണ്ണ വഴിക്ക് പോയാൽ മതിയെന്നിരിക്കേ, കോഴിക്കോട് തൃശ്ശൂർ പാതയിലുള്ള രാമനാട്ടുകരയിലെ റോഡിലേക്ക് ഇവരെത്തിയതെന്തിന് എന്ന ചോദ്യമാണ് ആദ്യമുയർന്നത്. അവിടെ വച്ചാണ് അപകടമുണ്ടായത്. ഇത് പിന്തുടർന്ന് പോയ പൊലീസിന് സംഭവം ക്വട്ടേഷനാണെന്ന വിവരം കിട്ടുന്നു. 

ഇതിനെത്തുടർന്ന് ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു ഇന്നോവയിലടക്കം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് വാഹനമോഷണവും സ്വർണക്കടത്തുമടക്കമുള്ള ക്വട്ടേഷനായിരുന്നു ഇതെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. സ്വർണക്കടത്തായിരുന്നു ലക്ഷ്യമെന്ന് ഇന്നലെ മലപ്പുറം എസ്പി സുജിത് ദാസ് വിശദീകരിക്കുകയും ചെയ്തു. 

ക്വട്ടേഷന് പറയുന്ന പേര് 'പൊട്ടിക്കൽ'

15 പേരുള്ള സംഘമാണ് കരിപ്പൂരിലെത്തിയത് എന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. കണ്ണൂർ സ്വദേശികളായ ഒരു സംഘം കരിപ്പൂരിൽ നിന്ന് ശേഖരിച്ച സ്വർണം കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത് പിന്തുടരുകയായിരുന്നു വാഹനങ്ങളിലുണ്ടായിരുന്ന ക്വട്ടേഷൻ സംഘം. എന്നാൽ തങ്ങൾക്കൊപ്പം 15-ൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് പൊലീസിനോട് സംഘാംഗങ്ങൾ ഇപ്പോൾ മൊഴി നൽകുന്നു. 

ഈ ക്വട്ടേഷൻ നൽകിയത് താമരശ്ശേരി സ്വദേശിയായ, ഇപ്പോൾ യുഎഇയിലുള്ള മൊയ്ദീൻ ആണ്. മൊയ്ദീൻ സ്ഥിരമായി വിദേശത്ത് നിന്ന് നാട്ടിലേക്ക് സ്വർണം കടത്തുന്ന വ്യക്തിയാണ്. മൊയ്ദീൻ നാട്ടിലേക്ക് ക്യാരിയ‍ർമാർ വഴിയാണ് സ്ഥിരമായി സ്വർണം കടത്താറ്. എന്നാൽ പല തവണയായി മൊയ്ദീൻ കടത്തുന്ന സ്വർണം കവർച്ചക്കാർ പിടിച്ചുകൊണ്ടുപോകുന്ന അവസ്ഥയാണ്. 'പൊട്ടിക്കൽ' എന്നാണ് ഇത്തരത്തിലുള്ള കവർച്ച ക്വട്ടേഷന് പറയുന്ന പേര് തന്നെ. സ്വർണക്കടത്ത് പൊട്ടിക്കുകയെന്നർത്ഥം. 

ഇത് കടത്തിയ സ്വർണമായതിനാൽ പൊലീസിൽ പരാതി നൽകാനും വഴിയില്ല. അതിനാലാണ് കവർച്ചക്കാർക്ക് മറുക്വട്ടേഷൻ മൊയ്ദീൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. വൻ തുകയ്ക്കായിരുന്നു ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തിന് മൊയ്ദീൻ ഈ ക്വട്ടേഷൻ നൽകിയത്.  ഒന്നിലേറെ ആളുകൾക്ക് ക്വട്ടേഷൻ നൽകിയിരുന്നു. മൊയ്ദീൻ തന്നെയാണ് ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്. ഇതിനായി ഒരു വാട്സാപ്പ് ഗ്രൂപ്പും മൊയ്ദീനുണ്ടാക്കി. ആ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകളും ഓ‍ഡിയോ സന്ദേശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രധാന തെളിവ്.

പരസ്പരം ബന്ധമില്ലാത്ത പല ആളുകളെ ചേർത്താണ് ഈ ക്വട്ടേഷൻ സംഘം മൊയ്ദീനുണ്ടാക്കിയത്.  വണ്ടിയെ പിന്തുടരുന്നതടക്കം ഉള്ള വിവരങ്ങൾ ഈ വാട്സാപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. 25 ലക്ഷം രൂപയോളം ക്വട്ടേഷൻ നൽകിയാണ് ഈ ഓപ്പറേഷൻ മൊയ്ദീൻ പ്ലാൻ ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത്രയും തുക മൊയ്ദീൻ നൽകിയതാകട്ടെ, പല തവണ തന്‍റെ സ്വർണം 'പൊട്ടിച്ചു' പോയതിന്‍റെ പ്രതികാരമായിട്ടും!

Follow Us:
Download App:
  • android
  • ios