ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. കരുനാഗപ്പള്ളി സ്വദേശി വിപിൻ സെയ്ഫാണ് അറസ്റ്റിലായത്. ഇയാൾ സ്വർണ്ണവും പണവും കൈക്കലാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി വിപിൻ സെയ്ഫാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ - സാമഹ്യമാധ്യമം വഴിയാണ് രണ്ട് വർഷം മുൻപ് ഇയാളെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി എറണാകുളത്തും ആലപ്പുഴയിലും വച്ച് പലതവണ പീഡിപ്പിച്ചു. 

കുടുംബവുമായി ആലോചിച്ച് വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറി. ഫോണിലൂടെയും സുഹൃത്തുക്കൾ മുഖേനയും വിപിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഒടുവിൽ വിവാഹം കഴിക്കാന്‍ താൽപര്യമില്ലെന്ന് വാട്സ് അപ്പിലൂടെ സന്ദേശം അയച്ചു. മൂന്ന് ദിവസം മുൻപാണ് യുവതി സൗത്ത് പൊലീസിൽ പരാതി നൽകിയത്. 

എറണാകുളത്ത് കട നടത്തുന്ന വിപിനെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലുണ്ടായിരുന്ന 25 പവൻ സ്വർണ്ണവും പണവും ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.