ആലപ്പുഴ: ആലപ്പുഴ നഗരമധ്യത്തിൽ നാടോടി സ്ത്രീക്ക് നേരെ പീഡനശ്രമം. നഗരത്തിൽ വഴിയോരക്കച്ചവടത്തിന് എത്തിയ രാജസ്ഥാൻ സ്വദേശിയായ സ്ത്രീയും ഇവരുടെ നാല് വയസ്സുള്ള കുട്ടിയുമാണ് ഇന്നലെ രാത്രി രണ്ട് മണിക്ക് അതിക്രമത്തിന് ഇരയായത്. കൊടുങ്ങല്ലൂർ സ്വദേശി വിനോദാണ് ആക്രമിച്ചതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. രാത്രി കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ വിനോദ് കടന്നുപിടിക്കുകയായിരുന്നു. ഒപ്പംകിടന്ന കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ ഇയാള്‍ കുട്ടിയെയും ആക്രമിച്ചു. 

കുട്ടിയുടെ തലയ്ക്ക് പിന്നിൽ ഭാരമുള്ള വസ്തുകൊണ്ട് അടിക്കുകയായിരുന്നു. അതിക്രമത്തെക്കുറിച്ച് നാട്ടുകാരോട് സ്ത്രീ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ചൈല്‍‍ഡ് ലൈന്‍ പ്രവർത്തകരുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഒളിവിൽ പോയ വിനോദിനായി പൊലീസ് അന്വേഷണം തുടങ്ങി.