കോഴിക്കോട്: തെളിവെടുപ്പിനിടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതിയുടെ അസഭ്യ വര്‍ഷം. കോഴിക്കോട് മുക്കം മുത്തേരിയില്‍ 65 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് കവര്‍ച്ച നടത്തിയ മുജീബ് റഹ്മാനുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിന് ഇടയാണ് സംഭവം. മുത്തേരി, ചേവരമ്പലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്മാനാണ് 65 വയസുകാരിയെ മുത്തേരിയില്‍ വച്ച് പീഡിപ്പിക്കുകയും സ്വര്‍ണ്ണമാലയും കമ്മലുകളും കവര്‍ച്ച നടത്തുകയും ചെയ്തത്. ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോയാണ് ആതിക്രമം. ഇയാളെ മുത്തേരിയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇതിനിടയിലായിരുന്നു മുജീബ് റഹ്മാന്‍ മാധ്യമ പ്രവര്‍ത്തരെ അസഭ്യം പറഞ്ഞത്.

ചേവരമ്പലത്ത് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചും തെളിവെടുത്തു. ഇവിടെ നിന്ന് ഓട്ടോറിക്ഷയില്‍ മുത്തേരിയിലെത്തിയാണ് ആക്രമണവും കവര്ച്ചയും നടത്തിയത്. കുറ്റകൃത്യത്തിന് ശേഷം മുജീബ് ചേവരമ്പലത്തെ വീട്ടിലെത്തി. രണ്ട് ദിവസം ഈ വീട്ടില്‍ തങ്ങി. പിന്നീട് പൊലീസ് പിന്തുടരുന്നില്ലെന്ന് ഉറപ്പിച്ച് മലപ്പുറം അടക്കം പലയിടത്ത് ഒളിച്ച് താമസിച്ചു. ഇതിനിടയിലെ യാത്രയിലാണ് ഓമശേരിയില്‍ വച്ച് പിടിയിലായത്.

നേരത്തെ 16 കേസുകളില്‍ പ്രതിയായ മുജീബ് റഹ്മാന്‍ ലഹരി വില്‍പ്പനയിലും സജീവമായിരുന്നു. മുക്കം പൂളപ്പൊയിലില്‍ വച്ച് പത്ത് കിലോ കഞ്ചാവുമായി പിടിയിലായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യപ്രഭ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മുജീബിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.